എറണാകുളം റൂറൽ പൊലീസ് പരിധിയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഗുരുതര കുറ്റകൃത്യങ്ങൾക്ക് നടപടി നേരിട്ടത് ഏഴ് ഉദ്യോഗസ്ഥർ. കൈക്കൂലി കേസിന് പുറമേ ലഹരി, മണ്ണ് മാഫിയയുമായി ബന്ധമുള്ളവരാണ് നടപടി നേരിട്ടത്. ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരൻ്റെ പണം അടിച്ച് മാറ്റിയതിന് പൊലീസുദ്യോഗസ്ഥൻ നടപടി നേരിട്ടത് ഒരുവർഷം മുൻപാണ്.
കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മാത്രമല്ല ക്രിമിനലുകളുമായി ബന്ധമുള്ള പൊലീസുദ്യോഗസ്ഥരുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന പൊലീസ് ജില്ലയാണ് എറണാകുളം റൂറൽ. ആറുമാസത്തിനിടെ ഏഴ് പൊലീസുകാരാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ ഇവിടെ നടപടി നേരിട്ടത്. സെപ്റ്റംബറിലാണ് മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് പെരുമ്പാവൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ശിവ പ്രസാദിനെ സസ്പെൻഡ് ചെയ്തത്. ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും സമാന ആരോപണം നേരിട്ടയാളാണ്.
ഗതാഗത നിയമലംഘനത്തിനുള്ള പിഴതുക തട്ടിയെടുത്ത കേസിലാണ് മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയർ സിപിഒ ശാന്തി കൃഷ്ണനെതിരെ നടപടിയുണ്ടായത്. 16.75 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. ലഹരിക്കടത്തിന് ഒത്താശ ചെയ്തതിന് കാലടി സ്റ്റേഷനിലെ CPO സുബീറിനെ സസ്പെൻഡ് ചെയ്തത് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്. 66 ഗ്രാം ഹെറോയിൻ ഇയാളുടെ ബന്ധുവിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ അന്വേഷണമാണ് സുബീറിനെ കുടുക്കിയത്. ഇതിനു പിന്നാലെയാണ് കൈക്കൂലി കേസിൽ കുറുപ്പംപടി സ്റ്റേഷനിലെ നാല് പൊലീസുകാർ തെറിച്ചത്. ഓൺലൈൻ തട്ടിപ്പ് കേസിൽ കൊടുക്കാതിരിക്കാൻ 6.6 ലക്ഷം രൂപയാണ് ഗ്രേഡ് എസ്.ഐ അബ്ദുൽ റൗഫ്, സിപിഒമാരായ സക്കീർ, ഷഫീക്, സഞ്ജു എന്നിവർ വാങ്ങിയത്.
നേരത്തെ മണ്ണ് മാഫിയ ബന്ധമുള്ള എതാനും പൊലീസ് ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറലിൽ നടപടി നേരിട്ടിരുന്നു. ഒരുവർഷം മുൻപാണ് ആലുവയിൽ ട്രെയിനിൽ നിന്ന് വീണുമരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പണം മോഷ്ടിച്ചതിന് ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്. 3000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. അതായത്, എറണാകുളം റൂറലിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർ ഒരുകാലത്തും കുറവല്ല എന്ന് വ്യക്തം.