മൂവാറ്റുപുഴയിൽ ഇക്കുറി എറണാകുളം ജില്ലാസെക്രട്ടറിയെ കളത്തിലിറക്കാൻ സിപിഐ. കഴിഞ്ഞവട്ടം കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് നാട്ടുകാരൻ കൂടിയായ എൻ.അരുണിനെ മത്സരിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നത്. അരുണിന്റെ സ്ഥാനാർഥിത്വത്തോട് നേതൃത്വത്തിനും അനുകൂലനിലപാടാണ്.
2001 മുതലുള്ള ചരിത്രം ആവർത്തിക്കാനാണ് മണ്ഡലത്തിന്റെ ഭാവം എങ്കിൽ മുവാറ്റുപുഴയിൽ ഇത്തവണ എൽഡിഎഫിന്റെ ഊഴമാണ്. കാരണം അക്കാലം മുതൽ ഇരുമുന്നണികളെയും മാറി മാറി ജയിപ്പിച്ച ചരിത്രമാണ് മുവാറ്റുപുഴക്കുള്ളത്. 1991 ന് മുൻപും ഏറെക്കുറെ അങ്ങനെ തന്നെ. 91,96,2001 തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിലെ ജോണി നെല്ലൂർ ഹാട്രിക് ജയം നേടിയതാണ് ഇതിന് അപവാദം. അതുകൊണ്ടൊക്കെതന്നെയാണ് എൻ അരുണിനെ മത്സര രംഗത്തിറക്കുന്നത്. മുൻ എംഎൽഎമാരായ ബാബു പോൾ, എൽദോ എബ്രഹാം എന്നിവരുടെ പേര് പരിഗണനയ്ക്കുവന്നേക്കമെങ്കിലും സാധ്യത കുറവാണ്.
എൽദോ തുടർച്ചയായി രണ്ട് ടേം മത്സരിച്ചു. ചെറുപ്പക്കാർക്ക് പരിഗണന നൽകുമ്പോൾ ബാബു പോളിന്റെ സാധ്യതയും മങ്ങും. ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചപ്പോൾ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചത് അരുണിന് മുതൽക്കൂട്ടാണ്. എല്ലാ വിഭാഗങ്ങളുമായുള്ള അടുപ്പത്തിനൊപ്പം ഹിന്ദു, മുസ്‍ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഉള്ള സ്വാധീനവും അരുണിന് സാധ്യത കൂട്ടുന്നു. ഇതിനൊപ്പം ജില്ലാസെക്രട്ടറി നേരിട്ട് മത്സരിക്കാനിറങ്ങുമ്പോൾ എൽഡിഎഫ് സംഘടനസംവിധാനം ഉണർന്നു പ്രവർത്തിക്കും എന്നതും സിപിഐ കണക്കിലെടുക്കുന്നുണ്ട്.