ഒന്നാം ചരമവാർഷികം ആചരിച്ച് രണ്ടു ദിവസത്തിനു ശേഷം, ഇന്നലെ വൈകിട്ട് എം.ടി.വാസുദേവൻ നായരെ കൊച്ചിയിൽ കണ്ടു. അതിശയിക്കണ്ട, മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ് സംവിധാനം ചെയ്ത 'എം.ടി. - മലയാളത്തിൻ്റെ രണ്ടക്ഷരം' എന്ന നാടകത്തിലൂടെ എം.ടിയും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളും സുഹൃത്തുക്കളും അരങ്ങിലെത്തിയതാണ് പറഞ്ഞത്. കൊച്ചി ചാവറ കൾച്ചറൽ സെന്‍ററിലായിരുന്നു ഈ ഗംഭീര നാടകാനുഭവം.
നടൻ രാജേഷ് അഴിക്കോടനാണ് എം.ടിയെ അതിസൂക്ഷ്മമായി ആവാഹിച്ച് പകർന്നാടിയത്. സുഹൃത്തുക്കളിലൂടെയും കഥാപാത്രങ്ങളിലൂടെയും എം.ടിയുടെ രചനാ ലോകത്തെ അരങ്ങിലെത്തിച്ചിരിക്കുകയാണ് ഏലൂർ കാഴ്ച നാടക സംഘം.
വൈക്കം മുഹമ്മദ് ബഷീർ, ആർട്ടിസ്റ്റ് നമ്പൂതിരി, എൻ.പി മുഹമ്മദ് എന്നിവരുമായുള്ള എം.ടിയുടെ സൗഹൃദവും അവർ അദ്ദേഹത്തിന്‍റെ ഭാവനാ ലോകത്ത് ചെലുത്തിയ സ്വാധീനവും രസം ചോരാതെ ഇഴ ചേർന്നിരിക്കുന്നു.
നിർമാല്യത്തിലെ വെളിച്ചപ്പാടും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും രണ്ടാമൂഴത്തിലെ ഭീമനും എഴുത്തുകാരനെ ചോദ്യം ചെയ്യുന്നുണ്ട്. സമകാലിക ഇന്ത്യയിൽ ഇങ്ങനെയൊക്കെ എഴുതാനാകുമോ എന്ന യാഥാർഥ്യത്തിന്‍റെ വേവുള്ള ചോദ്യം എം.ടിയെക്കൊണ്ടു തന്നെ നാടകകൃത്ത് ബിനുലാൽ ഉണ്ണി ചോദിപ്പിക്കുന്നു.
ബാബു അന്നൂർ, അജു കിഴുമല, ഗോപൻ മങ്ങാട്ട്, സജി സോപാനം തുടങ്ങി അരങ്ങിൽ എത്തിയവരെല്ലാം കാഴ്ചവച്ചത് ഗംഭീര പ്രകടനം. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ബിജിപാൽ നൽകിയ ഈണത്തോടെയാണ് കർട്ടൻ വീഴുന്നത്.