കൊച്ചി കോർപറേഷൻ അടക്കം എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തിന് കർശന നിരീക്ഷണം ഏർപ്പെടുത്താൻ കോൺഗ്രസ്. മുതിർന്ന നേതാക്കൾ ഉൾപ്പെട്ട മോണിറ്ററിങ് സെല്ലുകൾ വരും. അംഗങ്ങളുടെ പ്രകടനം വിലയിരുത്തി പ്രോഗ്രസ് കാർഡ് തയ്യാറാക്കും. വിമത നീക്കം നടത്തിയാൽ ശക്തമായ അച്ചടക്ക നടപടി നേരിടേണ്ടിവരും.
കൊച്ചി പഴയ കൊച്ചിയല്ല. കോൺഗ്രസ് പഴയ കോൺഗ്രസും. ഭരണവും പാർട്ടിയും രണ്ടു വഴിക്ക് എന്ന രീതി ഇനി എറണാകുളം ജില്ലയിലുണ്ടാകില്ല. കൊച്ചി കോർപറേഷൻ ഭരണത്തിൽ അടക്കം പാർട്ടിയുടെ കടിഞ്ഞാൺ കൃത്യമായുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് ജയിച്ച എല്ലാ കോൺഗ്രസ് ജനപ്രതിനികളുടെയും പ്രവർത്തനം കർശനമായി നിരീക്ഷിക്കും. മുതിർന്ന നേതാക്കളും ഭരണരംഗത്ത് പരിചയമുള്ളവരും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരും ഉൾപ്പെട്ട മോണിറ്ററിങ് സെല്ലുകൾ പാർട്ടിക്ക് ഭരണം ലഭിച്ച ഓരോ തദ്ദേശ സ്ഥാപനത്തിലുമുണ്ടാകും. പ്രവർത്തനം വിലയിരുത്തി പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കും. പാർട്ടിക്ക് മികച്ച ഭൂരിപക്ഷമുള്ള തദ്ദേശ സ്ഥാപനമാണെങ്കിൽ പ്രകടനം മോശമായവർക്ക് പദവി നഷ്‌ടപ്പെടും.
ഭരണസമിതികളെ അസ്ഥിരപ്പെടുത്തുകയോ, ദുർബലപ്പെടുത്തുകയോ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ഭരണപരമായ കാര്യങ്ങളിൽ തർക്കങ്ങളോ, അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടായാൽ പരിഹരിക്കാൻ പാർട്ടിതലത്തിൽ സംവിധാനമുണ്ടാക്കും.