TOPICS COVERED

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസ്–ബിജെപി ധാരണയെന്ന ആരോപണവുമായി സിപിഎം. നാല് ഡിവിഷനുകളില്‍ നീക്കുപോക്കുണ്ടെന്നാണ് മേയര്‍ എം അനില്‍കുമാര്‍ പറയുന്നത്. പരാജയം മനസിലാക്കി സിപിഎം വ്യാജപ്രചാരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 

കൊച്ചി കോര്‍പറേഷനിലെ എളമക്കര സൗത്ത്, കലൂര്‍ നോര്‍ത്ത്, കുന്നുംപുറം, പൊന്നുരുന്നി ഈസ്റ്റ് ഡിവിഷനുകളില്‍ കോണ്‍ഗ്രസ് ബിജെപി ഡീലുണ്ടെന്നാണ് സിപിഎം ആരോപണം. ആര്‍എസ്എസ് കാര്യാലയമുള്ള എളമക്കര സൗത്തില്‍ മല്‍സരിക്കുന്നത് ബിഡിജെഎസ്. പ്രചാരണരംഗത്ത് ബിജെപി സജീവമല്ല. 

വിഎച്ച്പി ആസ്ഥാനമുള്ള കലൂര്‍ നോര്‍ത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആരാണെന്ന് ബിജെപിക്കാര്‍ക്ക് പോലും അറിയില്ല. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേയ്ക്ക് പോയ സുനിത ഡിക്‍സണ് എതിരെ പൊന്നുരുന്നി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്ല. കോണ്‍ഗ്രസ്–ബിജെപി ധാരണയ്ക്ക് ഉദാഹരണമായി സിപിഎം നിരത്തുന്ന വാദങ്ങള്‍ ഇവയാണ്. 

യുഡിഎഫിന് 19 ഉം എന്‍ഡിഎയ്ക്ക് 7 ഉം വിമതരുണ്ട്.  അഞ്ച് കൗണ്‍സിലര്‍മാര്‍ മാത്രമുള്ള ബിജെപിക്ക് കോര്‍പറേഷന്‍ സ്ഥിരം സമിതി ലഭിച്ചത് സിപിഎം നടത്തിയ ധാരണയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. 

ENGLISH SUMMARY:

Kochi Corporation Election is seeing accusations of a Congress-BJP deal in the local elections by CPM. This deal involves alleged compromises in four divisions, while Congress refutes these claims as a false campaign due to CPM's fear of defeat.