കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമ്മാണം നിരോധിച്ചിട്ട് നാല് മാസം. നിർമ്മാണം നടക്കുന്നത് വനഭൂമിയിലല്ലെന്ന് തെളിയിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് പ്രതിഷേധം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദേശീയപാത സംരക്ഷണ സമിതി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ഭാഗത്ത് ഹൈക്കോടതി നിർമ്മാണ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ നിർമാണം നടത്തിയത് ഡീ നോട്ടിഫൈ ചെയ്ത സ്ഥലത്താണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം ചീഫ് സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകി. പിന്നാലെ വ്യവസ്ഥകൾക്ക് വിധേയമായി റോഡ് നിർമ്മാണം പുനരാരംഭിക്കമെന്നും നിർദിഷ്ട ഭൂമി വനഭൂമിയല്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. എന്നാൽ ഇതുവരെ രേഖകൾ ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
നിർമ്മാണം നടക്കാത്തതിനാൽ മേഖലയിലെ നിരവധി മരങ്ങൾ നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മഴപെയ്താൽ മണ്ണടിച്ചിൽ ഭീഷണിയും നിലനിൽക്കുകയാണ്. കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കുമ്പോൾ മതിയായ രേഖകൾ ഹാജരാക്കാൻ സർക്കാർ തയാറാകണമെന്നാണ് വിവിധ സംഘടനകളുടെയും പ്രദേശവാസികളുടെയും ആവശ്യം.