പുസ്തകങ്ങള്‍ക്ക് പകരം മനുഷ്യര്‍ കടുത്ത ജീവിതാനുഭവങ്ങള്‍ക്ക് നേരിട്ട് പങ്കുവയ്ക്കുന്ന ഹ്യൂമന്‍ ലൈബ്രറി. സാഹിത്യോത്സവ ചരിത്രത്തില്‍ ആദ്യമായി ഹ്യൂമന്‍ ലൈബ്രറി മലയാള മനോരമയുടെ ഹോര്‍ത്തൂസിലുണ്ടാകും. അക്ഷരങ്ങളുടെയും കലയുടെയും മെഗാ കാര്‍ണിവലിന് നാളെ കൊച്ചിയുടെ തീരത്ത് തുടക്കമാകും.
കൊച്ചിക്കായലോരത്ത് അക്ഷരങ്ങളുടെ ആഘോഷക്കപ്പല്‍ അടുത്തു. ഹോര്‍ത്തൂസ് സാംസ്ക്കാരിത്സോവത്തിന് നാന്ദികുറിച്ച് പുസ്തകശാല തുറന്നു. നാളെ രാവിലെ 10ന് സംവാദവേദികള്‍ ഉണരും. വൈകീട്ട് ആറിന് രാജേന്ദ്ര മൈതാനത്ത് ഉദ്ഘാടനം. നടന്‍ മമ്മൂട്ടി തിരിതെളിക്കും. മൂന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഹോര്‍ത്തൂസ് പ്രൈസ് ആര്‍.എസ് ബിനുരാജിന് ഉദ്ഘാടനച്ചടങ്ങില്‍ സമ്മാനിക്കും.
മമ്മൂട്ടിക്കാതല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും മമ്മൂട്ടിപ്പാട്ടും ഉദ്ഘാടനശേഷം വേദിയിലെത്തും. സുഭാഷ് പാര്‍ക്കിലും രാജേന്ദ്രമൈതാനത്തുമായുള്ള 7 വേദികളിലായി വിവിധ വിഷയങ്ങളില്‍ 225ല്‍ ഏറെ സെഷനുകളാണ് ഹോര്‍ത്തൂസിലുള്ളത്. ഞാന്‍–നീ–നാം എന്നതാണ് തീം. സ്പാനിഷ് ആണ് ഫോക്കസ് ഭാഷ. കുട്ടികള്‍ക്കായി പ്രത്യേക പവലിയന്‍, നടന്‍ റോഷന്‍ മാത്യു നയിക്കുന്ന അഭിനയ ശില്‍പശാല ഉള്‍പ്പെടെ പത്തിലേറെ ശില്‍പശാലകള്‍, ഷെഫ് സ്റ്റുഡിയോ, ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ നാല് ദിവസങ്ങളിലായി നടക്കും. ഹ്യൂമന്‍ ലൈബ്രറിയയാണ് ഇതുവരെയില്ലാത്ത ആകര്‍ഷണം.
പുസ്തകശാല 30വരെ രാവിലെ 10 മുതല്‍ രാത്രി 8വരെ പ്രവര്‍ത്തിക്കും. 10 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ പുസ്തകങ്ങള്‍ വാങ്ങാം. 30ന് വൈകീട്ട് സമാപനവേദിയില്‍ മുഖ്യാതിഥി നടന്‍ മോഹന്‍ലാല്‍ അടുത്ത ഹോര്‍ത്തൂസിന്റെ വിളംബരം നിർവഹിക്കും.