തദ്ദേശ തിരഞ്ഞെടുപ്പ് സിപിഐ സ്ഥാനാർഥി നിർണയത്തിലെ ഭിന്നത പരസ്യമാക്കി കൊച്ചി കോർപറേഷൻ ഡപ്യൂട്ടി മേയർ കെ.എ അൻസിയ പാർട്ടി വിട്ടു. പാർട്ടി അംഗമല്ലാത്ത വ്യക്തിക്ക് സീറ്റ് നൽകിയെന്നും കീഴ്ഘടകം നൽകിയ ലിസ്റ്റ് അട്ടിമറിക്കപ്പെട്ടുവെന്നും അൻസിയ ആരോപിക്കുന്നു. സ്വന്തം താൽപര്യങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതുകൊണ്ടുളള വിഭ്രാന്തിയാണ് അൻസിയയ്ക്കെന്ന് സിപിഐ നേതൃത്വം തിരിച്ചടിച്ചു.
എറണാകുളം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള ചേരിപ്പോരിൽ വലയുന്ന സിപിഐയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് കൊച്ചി കോർപറേഷൻ ഡപ്യൂട്ടി മേയറുടെ കലാപം. മുസ്‌ലിം ലീഗിന് വലിയ സ്വാധീനമുള്ള മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിൽ നിന്ന് ജയിച്ച കൗൺസിലറാണ് കെ.എ അൻസിയ. ഇത്തവണ സിപിഐ സീറ്റ് നൽകിയില്ല. അനർഹർക്ക് സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് അൻസിയ സിപിഐ വിടുന്നത്. പല പ്രശ്‌നങ്ങളുണ്ടായപ്പോഴും പാർട്ടിയോട് പറഞ്ഞിരുന്നെങ്കിലും പിന്തുണ കിട്ടിയില്ലെന്ന് അൻസിയ പറയുന്നു. പാർട്ടി അംഗത്വം പോലുമില്ലാത്ത വ്യക്തിയെ സ്ഥാനാർഥിയാക്കിയെന്നും അൻസിയ. മഹിളാ സംഘം മണ്ഡലം സെക്രട്ടറി പദവിയും അൻസിയ ഒഴിഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ പാർട്ടി മണ്ഡലം കമ്മിറ്റി ചേർന്ന് എടുത്ത ഭൂരിപക്ഷ തീരുമാന പ്രകാരം സ്ഥാനാർഥികളുടെ 3 അംഗ പാനൽ നിശ്ചയിക്കുകയും ജില്ലാ എക്സിക്യൂട്ടീവിൻ്റെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തുവെന്ന് സിപിഐ കൊച്ചി മണ്ഡലം കമ്മറ്റി സെക്രട്ടറി എം.കെ അബ്‌ദുൽ ജലീൽ വിശദീകരിച്ചു. നടപടി ക്രമങ്ങൾ പാലിച്ച് ജനാധിപത്യ രീതിയിലായിരുന്നു സ്ഥാനാർഥി നിർണയം. പാർട്ടി അംഗം പോലുമല്ലാതിരുന്ന അൻസിയയെ സ്ഥാനാർഥിയാക്കി, വിജയിപ്പിച്ച്, ഡപ്യൂട്ടി മേയറാക്കിയത് പാർട്ടിയാണെന്നും സിപിഐ തിരിച്ചടിച്ചു.