യാത്രക്കാരെ നട്ടംതിരിച്ചിരുന്ന എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ദുരിതത്തിന് അറുതിയാകുന്നു. ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. കെട്ടിടത്തിനകത്തെ തറ ഉയർത്തിയതോടെ വെള്ളക്കെട്ടിനും പരിഹാരമായി.
ചാറ്റൽ മഴ പെയ്താൽ പോലും വെള്ളക്കെട്ട് ഉണ്ടായിരുന്ന പ്രാധാന കെട്ടിടത്തിന്‍റെ ഉൾഭാഗത്തെ തറ ഉയർത്തിക്കഴിഞ്ഞു. ബസുകള്‍ പാർക്ക് ചെയ്യുന്ന ഭാഗവും ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, കഴിഞ്ഞ ദിവസം മഴ തകർത്തുപെയ്തപ്പോഴും വെള്ളക്കെട്ട് ഉണ്ടായില്ല. ഇതോടെ, യാത്രക്കാരും, ബസ് സ്റ്റാൻഡിനകത്തെ കച്ചവടക്കാരും ഹാപ്പി.
മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് ഇതരസംസ്ഥാന തീർഥാടകരടക്കം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് എത്താറുണ്ട്. ഇക്കുറി തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് സ്റ്റാൻഡിലെ ഭൂരിഭാഗം നവീകരണ ജോലികളും പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.