കൊച്ചി കോർപ്പറേഷന് പുതിയ ആസ്ഥാന മന്ദിരമായതോടെ പഴയ കെട്ടിടം എന്തു ചെയ്യുമെന്ന ചർച്ചയിൽ പോരുമുറുക്കി എംപിയും മേയറും. ജനറൽ ആശുപത്രിക്ക് വിട്ടു കൊടുക്കണമെന്ന് ഹൈബി ഈഡൻ എം. പി നിർദ്ദേശിക്കുമ്പോൾ പഴയ കെട്ടിടം സ്മാരകമായി നിലനിർത്താനാണ് മേയർ എം. അനിൽകുമാറിന് താല്പര്യം. അടുത്ത കൗൺസിലിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
മറൈൻഡ്രൈവിൽ 61 കോടി രൂപ ചെലവിൽ നിർമ്മിച്ച കൊച്ചി കോർപ്പറേഷന്റെ പുതിയ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് 21ന്. അടുത്ത കൗൺസിൽ 27ന് കൂടുന്നതോടെ പുതിയ മന്ദിരം പൂർണ്ണമായും പ്രവർത്തനക്ഷമമാവും. 25 വർഷത്തെ കാത്തിരിപ്പിനുശേഷം, പുതിയ കെട്ടിടം യാഥാർത്ഥ്യമായപ്പോൾ പഴയ കെട്ടിടം എന്തു ചെയ്യുമെന്നായി ചർച്ച.
തൊട്ടടുത്തുള്ള ജനറൽ ആശുപത്രിക്ക് കെട്ടിടവും സ്ഥലവും നൽകാമെന്ന് എറണാകുളം എംപി ഹൈബി ഈഡൻ നിർദ്ദേശം വച്ചതോടെ കോൺഗ്രസും സിപിഎമ്മും തമ്മിൽ വാക് പോരായി. സ്ഥലപരിമിതി മൂലം കിടപ്പുരോഗികളെ പോലും ഉൾക്കൊള്ളാൻ പരിമിതിയുള്ള ജനറൽ ആശുപത്രിക്ക് പഴയ കെട്ടിടം ഉപകാരപ്പെടുമെന്നാണ് ഹൈബി ഈഡൻ ഉയർത്തുന്ന വാദം. എന്നാൽ ഇതിനോട് മേയറിന് താല്പര്യം ഇല്ല.
തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്, അതിന്റെ മേൽ കയറിവരാൻ പറ്റില്ലെന്നും തങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് മേയര്‍ എം. അനില്‍കുമാറിന്‍റെ നിലപാട്. കോർപ്പറേഷൻ കെട്ടിടത്തിന് പൈതൃകമില്ലെന്നു എംപി പറഞ്ഞത് ചരിത്രബോധമില്ലാതെയാണെന്നും മേയർ കുറ്റപ്പെടുത്തി. പഴയ കെട്ടിടം എന്തുചെയ്യണമെന്ന് സംബന്ധിച്ച് അടുത്ത കൗൺസിൽ യോഗം ചർച്ച ചെയ്യും.