കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കൈക്കൂലി ആവശ്യപ്പെട്ട കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ടും റവന്യൂ ഇൻസ്പെക്ടറുമാണ് പിടിയിലായത്. മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിലേക്ക് മാർച്ച് നടത്തി.
കഴിഞ്ഞ മെയിലാണ് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി സ്ഥാപിക്കാനുള്ള അപേക്ഷ എളമക്കര സ്വദേശി ഉമ്മർ ഫറൂഖ് ഇടപ്പള്ളിയിലുള്ള കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിൽ സമർപ്പിച്ചത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷയിൽ നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന്, ഓഫീസിൽ എത്തി അന്വേഷിച്ചപ്പോൾ കൈക്കൂലി വേണമെന്നായി സൂപ്രണ്ടും റവന്യൂ ഇൻസ്പെക്ടറും.
പണം നൽകാമെന്ന് ഏറ്റ ഉമ്മർ ഫറൂഖ് വിവരം വിജിലൻസിൽ അറിയിച്ചു. വിജിലൻസിന്റെ നിർദ്ദേശപ്രകാരമാണ്, ഇന്ന് ഓഫീസിൽ എത്തി പണം കൈമാറിയത്. സൂപ്രണ്ട് ലാലിച്ചന് 5000 രൂപയും റെവന്യൂ ഇസ്പെക്ടർ മണികണ്ഠന് രണ്ടായിരം രൂപയുമായിരുന്നു കൈക്കൂലി നൽകിയത്. വിജിലൻസ് എത്തി ഈ പണം കയ്യോടെ പിടികൂടി. കൊച്ചി കോർപ്പറേഷനിൽ, അഴിമതി നിത്യ സംഭവമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസ് ഉപരോധിച്ചു.