വടക്കൻ പറവുർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷ സംഭാവന പിരിവിന്‍റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ക്ഷേത്ര ഉപദേശക സമിതി രംഗത്ത് . ക്ഷേത്ര മതിൽ കെട്ടിനകത്ത് നവരാത്രി ആഘോഷ സംഭാവന പിരിക്കരുതെന്ന ദേവസ്വംബോർഡ് ഉത്തരവിനെതിരെയാണ് ഉപദേശകസമിതിയുടെ പ്രതിഷേധം. എന്നാൽ ദേവസ്വം ബോർഡിന്‍റെ സീൽ ഇല്ലാതെ കൂപ്പൺ വിറ്റതായുള്ള പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്ര മതിൽ കെട്ടിനകത്ത് സംഭാവന പിരിവ് പാടില്ലെന്ന് ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ പറഞ്ഞു
പതിവിന് വിപരീതമായി ക്ഷേത്ര മതിൽ കെട്ടിനകത്ത് നവരാത്രി ആഘോഷ സംഭാവന പിരിക്കരുതെന്ന തിരുവിതാംകൂർ ദേവസ്വംബോർഡ് ഉത്തരവാണ് വിവാദമായത്. എന്നാൽ കൂപ്പൺതുകയുടെ 10 ശതമാനം ബോർഡിൽ അടച്ച് വാങ്ങിയ കൂപ്പൺ വിൽക്കാൻ പാടില്ലെന്നത് ചോദ്യം ചെയ്യുകയാണ് ഉപദേശക സമിതി. വിദ്യാരംഭ ചടങ്ങിന് ആയിരങ്ങളെത്തുന്ന വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശ്നം വഷളായെങ്കിലും പരിഹാരം അകലെയാണ്.
കൂപ്പൺ വഴി ലഭിക്കുന്ന തുക ആഘോഷങ്ങൾക്കായാണ് ചിലവഴിക്കുന്നത്. പിരിവ് കൂപ്പണുകൾ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫിസർ മുഖാന്തിരം ദേവസ്വം പറവൂർ അസിസ്റ്റന്‍റ് കമ്മിഷണർ സീൽ ചെയ്താണ് നൽകാറുള്ളതെങ്കിലും ഇക്കുറി അത് സമയബന്ധിതമായി നൽകിയില്ല. ക്ഷേത്ര ഉപദേശക സമിതിയുടെ ഇടപെടലിനെ തുടർന്ന് ദേവസ്വം കമ്മിഷണറാണ് കൂപ്പൺ അനുവദിച്ചത്. ക്ഷേത്രത്തിലെ ചില യൂണിയൻ നേതാക്കൾ ഉപദേശക സമിതിയെ ക്ഷേത്ര മതിൽക്കെട്ടിൽ നിന്ന് പുറത്താക്കാൻ നടത്തുന്ന ശ്രമമാണിതെന്നും ആരോപണമുണ്ട് . നവരാത്രി ആഘോഷം അലങ്കോലപ്പെടുത്താനാണ് ശ്രമമെന്നും ആരോപണമുയർന്നതോടെയാണ് നേരത്തെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ വിശദീകരിക്കുന്നതും.