മെട്രോ റെയിൽ നിർമാണത്തിനിടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടുന്നുവെന്ന പരാതിക്ക് പരിഹാരം കാണാൻ കെ.എം.ആർ.എൽ. കുന്നുപുറം മുതല്‍ കുമാരനാശാന്‍ റോഡ് വരെയുള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിന് ശേഷം മാത്രം പൈലിംഗ് ജോലികള്‍ ആരംഭിക്കാനാണ് തീരുമാനം. വാട്ടര്‍ അതോറിറ്റി, കരാര്‍ കമ്പനി പ്രതിനിധികളുമായി കെ.എം.ആർ.എൽ. നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പടമുകള്‍, വാഴക്കാല, കമ്പിവേലിക്കകം തുടങ്ങിയ പ്രദേശങ്ങളിലെ പൈപ്പ് ലൈന്‍ തകരാര്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് യോഗം ചേർന്നത്. പത്തു ദിവസത്തിനകം കുന്നുപുറം മുതല്‍ കുമാരനാശാന്‍ റോഡ് വരെയുള്ള ഭാഗത്തെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി യോഗത്തില്‍ അറിയിച്ചു. പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് ടെസ്റ്റിങ് ഉൾപ്പെടെ പൂർത്തിയായ ശേഷം മാത്രം പൈലിംഗ് ജോലികള്‍ പുനരംഭിച്ചാൽ
മതിയെന്നാണ് കെ.എം.ആർ.എൽ ന്റെ തീരുമാനം. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി അഞ്ച് കോടി രൂപ ചിലവിൽ പുതിയ പൈപ്പുകളും പ്രദേശത്ത് സ്ഥാപിക്കുന്നുണ്ട്. പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച ശേഷം മഴമൂലം നിര്‍ത്തിവെച്ചിരുന്ന റോഡ് ടാറിങ് ജോലികളും പൂര്‍ത്തിയാക്കാനാണ് നീക്കം.