കൊച്ചിയിലെ കനറാ ബാങ്ക് ഓഫിസിലും കാന്‍റീനിലും ബീഫ് വിളമ്പി പ്രതിഷേധം. കാന്‍റീനില്‍ ബീഫ് നിരോധിക്കാന്‍ റീജണല്‍ മാനേജര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബിഹാര്‍ സ്വദേശിയായ കാനറ ബാങ്ക് കൊച്ചി റീജണല്‍ മാനേജര്‍ അശ്വിനി കുമാറാണ് ഓഫിസിലും കന്‍റീനിലും ബീഫ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. അശ്വിനി കുമാര്‍ വനിത ജീവനക്കാരടക്കമുള്ളവരോട് അപമര്യാദയായി പെരുമാറുന്നതായും മുന്‍പേ പരാതി ഉയര്‍ന്നിരുന്നു.
ആഹാര സ്വാതന്ത്യം നിഷേധിക്കുന്ന നടപടിക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടയായ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാങ്കിന് മുന്‍പില്‍ ബീഫ് വിളമ്പിയായിരുന്നു പ്രതിഷേധം. ഭക്ഷണം സ്വാതന്ത്ര്യത്തിന് മേല്‍ വീണ്ടും കടന്നുകയറിയാല്‍ പ്രതിഷേധം കടുപ്പിക്കാനും അശ്വനി കുമാറിനെതിരെ പരാതിയുമായി മുന്നോട്ട് പോകാനുമാണ് ജീവനക്കാരുടെ തീരുമാനം.