കൊച്ചി ചെമ്പുമുക്കില്‍ മെട്രോ സ്റ്റേഷന്‍ നിര്‍മാണം വൈകുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പദ്ധതി രേഖ പ്രകാരം സ്റ്റേഷനു വേണ്ടി കണ്ടെത്തിയ സ്ഥലം കെഎംആര്‍എല്‍ ഏറ്റെടുക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ നടപടികൾ പൂർത്തിയാക്കാത്തതാണ് നിർമാണം വൈകുന്നതിന്റെ കാരണമായി കെഎംആര്‍എൽ പറയുന്നത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. മെട്രോ സ്റ്റേഷന്‍ ഞങ്ങളുടെ അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.ഇന്‍ഫോപാര്‍ക്കിലേക്കുളള മെട്രോ പാതയുടെ പണികൾ ആരംഭിച്ചുവെങ്കിലും ചെമ്പുമുക്ക് സ്റ്റേഷന്‍ നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ പോലും പൂർത്തീകരിച്ചിട്ടില്ല എന്നതാണ് പരാതി. പ്രതിഷേധ സംഗമം പരിസ്ഥിതി പ്രവർത്തകൻ സി.ആര്‍.നീലകണ്‌ഠന്‍ ഉദ്ഘടാനം ചെയ്തു.
എന്നാൽ ജില്ലാ ഭരണകൂടം സ്ഥലം ഏറ്റെടുത്ത് നൽകിയാൽ മാത്രമേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകൂ എന്നാണ് കെഎംആര്‍എലിന്റെ വാദം.