മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പാലത്തിന് സമീപം രൂപപ്പെട്ട ഗർത്തത്തിൽ സ്കൂൾ ബസ് വീണു. കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മുവാറ്റുപുഴ വിമലഗിരി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
രണ്ടുവർഷം മുൻപ്, ഇതേ സ്ഥലത്ത് ഇതേപോലെ വൻ ഗർത്തം രൂപപ്പെട്ടതാണ്. അന്നും വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പണിപ്പെട്ടാണ് അന്നാ ഗർത്തം അടച്ചത്. രണ്ടുവർഷത്തിനപ്പുറം ഇവിടം ദാ അതുപോലെ തന്നെ.
ഇന്ന് രാവിലെ കുട്ടികളേയും കയറ്റി ബസ് സ്കൂളിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. വിദ്യാർഥികളെ മറ്റൊരു ബസിൽ സ്കൂളിൽ എത്തിച്ചു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടികൾക്ക് നേരിയ പരിക്കുണ്ട്. പ്രധാന റോഡിൽ, പാലത്തിന് സമീപം നടയ്ക്കിടെ കുഴികൾ ഉണ്ടാകുന്നത് ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. കാര്യക്ഷമമായി കുഴിയടച്ച്, റോഡ് നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.