ചെകുത്താനും കടലിനുമിടയില്‍പ്പെട്ട അവസ്ഥയിലാണ് ചെല്ലാനം ചെറിയകടവിലെ അന്‍പതിലേറെ കുടുംബങ്ങള്‍. ഇരച്ചെത്തുന്ന കടലും തീരത്തോട് ചേര്‍ന്നുള്ള രണ്ട് ഗ്യാസ് ഗോഡൗണുകളുമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഒരാഴ്ച മുമ്പുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ ഗോഡൗണിന്‍റെ മതിലും തകര്‍ത്താണ് കടല്‍ വീടുകളിലേക്ക് ഇരമ്പിയെത്തിയത്.
പ്രതിഷേധങ്ങള്‍ കണ്ണമാലിയിലേക്ക് കേന്ദ്രീകരിച്ച സമയം ജീവനുംകൈപ്പിടിച്ചുള്ള ഓട്ടത്തിലായിരുന്നു ചെറിയകടവുകാര്‍. പേരിന് മാത്രമുള്ള ഭിത്തിയും കടന്ന് കടല്‍ വീടുകളുടെ അകത്തളങ്ങളിലേക്ക് പരന്നൊഴുകി. സമ്പാദ്യങ്ങളില്‍ പലതും പതിവുപോലെ കടലെടുത്തു. എന്നാല്‍ നാട്ടുകാരെ പലായനത്തിന്‍റെ വക്കോളം എത്തിച്ചത് ഗ്യാസ് ഗോഡൗണിന്‍റെ മതില്‍ തകര്‍ന്നതാണ്. നൂറിലേറെ ഗ്യാസ് കുറ്റികളടങ്ങിയ ഗോഡൗണും വിഴുങ്ങാം പാകത്തിലായിരുന്നു കടലിന്‍റെ കലി.
കടലൊന്നടങ്ങി. കടല്‍തീരത്ത് ടെട്രാപോഡുകള്‍ വരാതെ ഇവരുടെ ദുരിതമൊഴിയില്ല. വാഗ്ദാനങ്ങളില്‍ പോലും വെള്ളംചേര്‍ക്കുന്ന ജനപ്രതിനിധികളെ കാണാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.