TOPICS COVERED

ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ആറുമാസം പ്രായമുള്ള ഡെൽന മറിയം സാറയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതൽ വിവരം പുറത്ത്. ദേഷ്യം വന്നതിനാലാണെന്ന് അമ്മൂമ്മ റോസിയുടെ മൊഴി. റൂത്തിന്റെ അമ്മയാണ് റോസി. കത്തി ഉപയോഗിച്ചു കഴുത്തിനു മുറിവേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഡെൽന മറിയം സാറ കൊല്ലപ്പെട്ടതു ചേട്ടൻ ഡാനിയേലിന്റെ പിറന്നാൾ ദിവസമാണ്. പിറന്നാൾ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു കുടുംബം. അതിനിടയിലാണ് നടക്കുന്ന സംഭവം ഉണ്ടായത്.

കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി കരുതി വച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ദേഷ്യം വന്നതിനാൽ കൊന്നു എന്നു മാത്രമാണ് ആശുപത്രിയിൽ വച്ച് റോസി പൊലീസിനു മൊഴി നൽകിയത്. ഇത് കുഞ്ഞിനോടാണോ അതോ മറ്റു കുടുംബാംഗങ്ങളോടാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കുഞ്ഞിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ തന്നെ സ്ഥിരീകരിക്കുകയും കൊല നടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർ‍ന്നാണ് ഇന്നു രാവിലെ റോസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഡിയം കുറഞ്ഞതു മൂലമുള്ള മാനസിക പ്രശ്നങ്ങൾക്ക് റോസി ചികിത്സ തേടുകയും ഇപ്പോഴും മരുന്നു കഴിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും സ്ഥലകാലബോധമില്ലാതെ ഇവർ പെരുമാറിയിരുന്നു

മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടർന്ന് ഇവരെ നോക്കാനായി ഒരു വർഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെ ഡെൽന ജനിച്ചു. വൈകാതെ കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾ നടത്തി അതിനു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇവർ. അതിനിടെയാണ് ദാരുണസംഭവം ഉണ്ടായത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച് റോസിക്കരികിൽ കിടത്തിയിട്ട് കഞ്ഞി എടുക്കാനായി അകത്തേക്ക് പോയതായിരുന്നു റൂത്ത്.തിരിച്ചു വന്നപ്പോൾ കിടക്കയിൽ ചോരയിൽ കുളിച്ച് അനക്കമറ്റു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.

ENGLISH SUMMARY:

Chellanam murder case involves the tragic death of a six-month-old baby. The infant was allegedly killed by her grandmother, and the police are investigating the circumstances surrounding the incident, including the grandmother's mental health history.