ഫോര്‍ട്ടുകൊച്ചിക്കൊപ്പം ധാരാളം വിനോദസഞ്ചാരികള്‍ തേടിയെത്തുന്ന എറണാകുളത്തെ ചെറായി ബീച്ചില്‍ അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തം. സന്ദര്‍ശകരുടെ എണ്ണം മുന്‍ വര്‍ഷങ്ങളില്‍നിന്ന് ഗണ്യമായി കുറഞ്ഞുവെന്ന് പരാതിപ്പെടുന്ന നാട്ടുകാരും റിസോര്‍ട്ട് ഉടമകളും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചു.
പൊട്ടിപൊളിഞ്ഞ നടപ്പാത. ഇടിഞ്ഞുവീഴാറായ മതില്‍ക്കെട്ട്.. അടര്‍ന്നുപോയ ടൈലുകളില്‍ തട്ടിവീണ് പരുക്കേല്‍ക്കാതിരിക്കുകയെന്നത് അവനവന്‍റെ മാത്രം ഉത്തരവാദിത്വമാണ്. വിദേശികളടക്കം നൂറുക്കണക്കിനുപ്പേര്‍ ദിവസേനെയെത്തുന്ന ബിച്ചില്‍ ഒന്ന് മൂത്രമൊഴിക്കണമെങ്കില്‍ അടുത്ത ഹോട്ടലില്‍ കയറി മിനിമം ഒരു ചായയെങ്കിലും കുടിക്കണമെന്നതാണ് അവസ്ഥ.
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കരാര്‍ നല്‍കിയിട്ടുള്ള പാര്‍കിങ് സ്ഥലത്ത് മണിക്കൂറിന് നാല്‍പത് രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങണമെങ്കില്‍ വെള്ളത്തില്‍ മുങ്ങിനിവരണം. ഇരുട്ടുവീണാല്‍ അവനവന്‍റെ സുരക്ഷ നോക്കേണ്ടതും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.