കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ വനംവകുപ്പിന് അലംഭാവം എന്ന് നാട്ടുകാര്‍. മരം വീണ് മനുഷ്യർ മരിച്ചാൽ ഉത്തരവാദി മൂന്നാര്‍ ഡി എഫ് ഒ ആണെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ മരം മുറിച്ചു മാറ്റാനുള്ള നടപടികൾ തുടരുകയാണെന്നാണ് വനം വകുപ്പിന്റെ വാദം.
നേര്യമംഗലം മുതൽ വാളറ വരെയുള്ള 12 കിലോമീറ്റർ വനഭൂമിയിലൂടെയാണ് കൊച്ചി ധനുഷ്കോടി ദേശീയപാത കടന്നുപോകുന്നത്. മഴപെയ്താൽ മണ്ണിടിച്ചിലും മരം കടപുഴകി വീഴുന്നതും മേഖലയിൽ പതിവാണ്. നിരവധിതവണ വാഹനങ്ങൾക്ക് മുകളിൽ മരം വീഴുകയും ഒരാൾ മരിക്കുകയും ചെയ്തു. പാതയോരത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്ടർ വനംവകുപ്പിന് നിർദ്ദേശം നൽകിയിട്ട് കാലങ്ങളായി. എന്നാൽ ഇത് പൂർണമായും നടപ്പിലാക്കാൻ വനം വകുപ്പ് തയ്യാറായിട്ടില്ല. പഞ്ചായത്ത് ഭരണസമിതിയും വനവകുപ്പും ചേർന്ന് മുറിച്ചു മാറ്റേണ്ട മരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 68 മരങ്ങൾ മുറിച്ചുമാറ്റിയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.