വയസ്സ് വെറും നാല്. പക്ഷേ പേരിലുള്ള റെക്കോര്‍ഡുകളുടെ എണ്ണം 7. ഒന്നരവയസ്സില്‍ ഓര്‍മ്മശക്തിക്കുള്ള ലോക റെക്കോര്‍ഡുവരെ നേടിയിട്ടുണ്ട്, ഈ കൊച്ചുമിടുക്കി. കൊച്ചി തൃക്കാക്കരയിലെ അവനി ഹരിയുടെ റെക്കോര്‍ഡ് വിശേഷങ്ങള്‍ കാണാം.
ഗുല്ലു എന്ന് വിളിപ്പേരുള്ള അവനിക്കുട്ടിയാണിത്. ഒന്നര വയസില്‍ കരസ്ഥമാക്കിയത് രണ്ട് റെക്കോര്‍ഡുകള്‍. ഓര്‍മശക്തിക്കുള്ള കലാം ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും. തീര്‍ന്നില്ല... നാലുവയസ്സ് ആകുന്നതിനു മുന്‍പേ, മറ്റ് അഞ്ചു റെക്കോര്‍ഡുകളും.പിന്നാലെയെത്തി
കണക്കിനെ വരച്ച വരയില്‍ നിര്‍ത്തും ഈ എല്‍കെജിക്കാരി. കൂട്ടലും കുറയ്ക്കലുമെല്ലാം ഞൊടിയിടയില്‍ കഴിയും. ഒഴിവുസമയങ്ങളില്‍ ചിത്രരചനയാണ് ഹോബി. എട്ടുമാസം പ്രായമുള്ളപ്പോഴേ സംസാരിച്ച തുടങ്ങിയതാണ് അവനിക്കുട്ടി.
മാതാപിതാക്കള്‍ ഹരികൃഷ്ണനും ധന്യയും അധ്യാപകരാണ്. ഇരുവരും കുഞ്ഞിലേ മുതല്‍ നല്‍കിയ പ്രോത്സാഹനവും പരിശീലനവുമാണ് അവനിയുടെ ഊര്‍ജം. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ അവനി ശാസ്ത്രീയ സംഗീതത്തിലും മിടുക്കിയാണ്.