കൊച്ചി കരിമക്കാട് രണ്ട് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് പിടി തോമസ് ഫൗണ്ടേഷന്‍. ലൈല ലത്തീഫിനും ജുമൈല സലാമിനുമാണ് സ്നേഹക്കൂട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടൊരുക്കിയത്. നസ്രിയയുടെ സര്‍പ്രൈസ് ഗിഫ്റ്റുമായെത്തിയ ഫഹദ് ഫാസിലും രമേശ് പിഷാരടിയും ചടങ്ങിലെ താരസാന്നിധ്യങ്ങളായി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ലൈലയ്ക്കും ജുമൈലയ്ക്കും സ്വപ്നഭവനങ്ങളുടെ താക്കോല്‍ കൈമാറിയത്. തൊട്ടടുത്തുള്ള രണ്ട് വീടുകള്‍ പൂര്‍ത്തിയാക്കിയത് സിന്തൈറ്റ് ഗ്രൂപ്പിന്‍റെ സഹായത്തോടെയാണ്. ഗൃഹപ്രവേശനത്തിന് ലൈലയ്ക്കും ജുമൈലയ്ക്കും നസ്രിയ കരുതിയ സമ്മാനം ഫഹദ് മറക്കാതെ കൈമാറി.
രണ്ട് സ്വപ്നവീടുകളും സഹായമല്ല സമ്മാനമായി കണകാക്കണമെന്ന് രമേശ് പിഷാരടി. സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി മൂന്ന് വീടുകളാണ് ഉമ തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ പി.ടി. തോമസ് ഫൗണ്ടേഷന്‍ ഇതുവരെ നിര്‍മിച്ച് നല്‍കിയത്.