bird-flu-alappuzha-ambalapuzha-north-culling-ducks-chickens-district-collector-ban

TOPICS COVERED

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കി. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിൽ കൊപ്പാറക്കടവ് കാരിക്കൽ പ്രദേശത്താണ് താറാവ്, കോഴി, കാട എന്നിവയെ കൊന്നൊടുക്കിയത്. 

മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് , അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കള്ളിങ് . പി.പി.ഇ കിറ്റ് ധരിച്ച് വൻ സുരക്ഷയോടെയാണ് പക്ഷികളെ കൊന്നൊടുക്കിയത്. 

രോഗം പടരുന്നത് തടയാനായി പ്രഭവ കേന്ദ്രങ്ങളുടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൂട്ടത്തോടെ കൊന്ന് നശിപ്പിച്ചത്. ആറ് ദ്രുതകർമ്മ സേനയൂണിറ്റുകൾ ഇതിനായി രംഗത്തിറങ്ങി. ഒരു ഡോക്ടർ, രണ്ട് ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, രണ്ട് അറ്റൻഡർമാർ എന്നിവരും നാല് തൊഴിലാളികളും ഓരോ സംഘത്തിലും ഉണ്ടായിരുന്നു. 

രോഗത്തിന്റെ പ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ പരിധി നിരീക്ഷണത്തിലാണ്. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒരാഴ്ചത്തേക്ക് പക്ഷികളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ച് ജില്ലാകലക്ടർ ഉത്തരവിട്ടു.