smitha-hospital-nurse-suicide-investigation

ഇടുക്കി തൊടുപുഴ സ്മിത ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യാശ്രമത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ച് അധികൃതർ. പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സ്മിത ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദം മൂലമാണെന്നാണ് ആരോപണം. ഡിവൈഎഫ്ഐയും യുവമോർച്ചയും ആശുപത്രിക്കുള്ളിൽ കയറി കടുത്ത പ്രതിഷേധം നടത്തിയതോടെ ആരോപണവിധേയരായ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിഷേധക്കാരുമായി ആശുപത്രി അധികൃതർ നടത്തിയ ചർച്ചയിൽ നാലംഗ സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

നഴ്സിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ്, ചീഫ് നഴ്സിങ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നഴ്സ് അൽഫോൻസ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. ആശുപത്രിയിൽ കടന്നുകയറി പ്രതിഷേധിച്ച 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും 11 യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിന്റെ ചികിത്സാച്ചെലവുകൾ ആശുപത്രി മാനേജ്മെന്റ് ഏറ്റെടുത്തു. രണ്ടാഴ്ചയ്ക്ക് ശേഷം ഈ വിഷയത്തിൽ വീണ്ടും ചർച്ച നടത്തും.

(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

ENGLISH SUMMARY:

A special investigation committee has been appointed following a nurse's suicide attempt at Smita Hospital in Thodupuzha, Idukki. Allegations of mental pressure from superiors have surfaced, leading to protests and the suspension of accused staff.