കൊച്ചി ഇടയാറിലെ സിജി ലൂബ്രിക്കൻസിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ . ജില്ലാ പൊലീസ് മേധാവിയും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും, സ്ഥാപന ഉടമയും യോഗത്തിൽ പങ്കെടുക്കും. അപകടത്തിൽ മൂന്ന് കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
സിജി ലൂബ്രിക്കൻസ് ഉൾപ്പെടെ ഇടയാറിലെ പല സ്ഥാപനങ്ങളിലും മതിയായ അഗ്നിശമന സംവിധാനങ്ങൾ ഇല്ലെന്ന റിപ്പോർട്ട് ഫയർഫോഴ്സ് ഇന്നലെ ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ വീഴ്ചകൾ ഗൗരവമായി പരിശോധിക്കാൻ ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് പുറമെ, വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ജില്ലാ ഫയർ ഓഫീസർ, ഡി.എം.ഒ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
പറവൂർ താലൂക്ക് തഹസിൽദാർ, പൊലൂഷൻ കൺട്രോൾ ബോർഡ് എൻജിനീയർ, വെങ്ങോല പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കൊപ്പം സിജി ലൂബ്രിക്കൻസ് ഉടമയെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളിലെ പോരായ്മകൾ യോഗം വിശദമായി ചർച്ച ചെയ്യും. അതേസമയം തീപിടുത്തത്തിൽ മരിച്ച ബീഹാർ സ്വദേശി ശത്രുമുഖ്യന്റെ സംസ്കാരം ഇന്ന് നടക്കും.