സഹകരണബാങ്കുകളില്‍ നിന്ന് നിക്ഷേപത്തുക തിരികെ ലഭിക്കാത്തവരുടെ കൂട്ടായ്മ കോട്ടയം പാലായില്‍ റിലേ സത്യഗ്രഹം തുടങ്ങി. വന്‍തുക തട്ടിയെടുത്ത ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുളളവരില്‍ നിന്ന് തുക തിരിച്ചുപിടിക്കണമെന്നാണ് ആവശ്യം.
ഓള്‍ കേരള കോഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം എന്ന സംഘടന രൂപീകരിച്ചാണ് പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പ്രതിഷേധം. പാലാ കുരിശുപളളിക്കവലയിലാണ് റിലേ സത്യഗ്രഹം തുടങ്ങിയത്. പണവും പലിശയും തിരികെ ലഭിക്കാന്‍ സഹകരണവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിക്ഷേപരുടെ സമരം. നിക്ഷേപങ്ങള്‍ക്ക് നൂറു ശതമാനം പരിരക്ഷ ഉറപ്പ് നല്‍കുന്ന സര്‍ക്കാര്‍ പണം ലഭിക്കാതെ വരുമ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നിക്ഷേപകര്‍ നേരിടുന്ന പ്രശ്നം എല്ലാ മണ്ഡലങ്ങളിലും ഉയര്‍ത്തിക്കാട്ടാനാണ് സംഘടനയുടെ തീരുമാനം. പാലാ മേഖലയില്‍ ഉള്‍പ്പെടെ സഹകരണബാങ്കുകളില്‍ നിന്ന് പണം ലഭിക്കാത്തവര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നു.