വൈറ്റിലയിൽ ഒടുവിൽ ട്രാഫിക് സിഗ്നൽ മിഴിതുറന്നു. ഒരാഴ്ചയിലധികമായി ജംക്ഷനില്‍ തലവേദനയായ സിഗ്നല്‍പ്രശ്നത്തിന് മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് അറുതിയായത്.
ജനുവരി 25 മുതൽ വൈറ്റില ജംക്ഷനിലെ സിഗ്നലുകള്‍ പ്രവർത്തന രഹിതമായ വാർത്ത മനോരമ ന്യൂസ് ആണ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നിർദ്ദേശപ്രകാരമാണ് കെൽട്രോൺ സിഗ്നൽ സ്ഥാപിച്ചത്. എന്നാൽ, സമയബന്ധിതമായി വാർഷിക അറ്റകുറ്റപ്പണി കരാർ പുതുക്കാത്തതിനാൽ സിഗ്നൽ പൂർണമായും പ്രവർത്തന രഹിതമായി. ഇതോടെ മൂന്നു ഉദ്യോഗസ്ഥർ നിയന്ത്രിച്ചിരുന്ന വൈറ്റില ജംഗ്ഷനിൽ ഡ്യൂട്ടിക്ക് 14 ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ട അവസ്ഥയുണ്ടായി.
ട്രാഫിക് ഉദ്യോഗസ്ഥർ പലതവണ CSML ഉം കെൽട്രോളുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇരു കൂട്ടരും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറി. എന്നാൽ, വിഷയത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ഇടപെട്ടതോടെ CSML ഉം കെൽട്രോണും തമ്മിൽ ധാരണയിൽ എത്തി. ഇന്നലെ ഉച്ചയോടെ വൈറ്റില ജംഗ്ഷനിൽ എത്തിയ കെൽട്രോൺ ജീവനക്കാർ തകരാര്‍ പരിഹരിച്ചു. എറണാകുളം ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ CSML ന്റെ കീഴിൽ വരുന്ന മുഴുവൻ പ്രൊജക്റ്റുകളും ഏത് വകുപ്പിനു വേണ്ടിയാണോ ചെയ്യുന്നത് അത് അവരെ തന്നെ ഏൽപ്പിക്കാനും വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ഫണ്ട് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കാനും തീരുമാനമായി.