കോട്ടയം വൈക്കം കല്ലറയിൽ ഒൻപത് പാടശേഖങ്ങളിൽ കൊയ്തിട്ട എണ്ണൂറു ടണ്ണിലധികം നെല്ല് പത്ത് ദിവസമായി സംഭരിക്കാതെ കിടക്കുന്നു. എട്ട് കിലോ കിഴിവ് ആവശ്യപ്പെട്ട് സംഭരണ ഏജൻസികളുടെ ചൂഷണമാണ് പ്രതിസന്ധിയാകുന്നത്.
കിണറ്റ്കര, തമ്പാൻ ബ്ലോക്ക്, തട്ടാപറമ്പ്, പറമ്പൻകരി ഇങ്ങനെ ഒമ്പത് പാടശേഖരങ്ങളിലെ നെല്ലാണ് കിഴിവിൻ്റെ പേരിലുള്ള തർക്കം കാരണം സംഭരിക്കാത്തത്. ഉദ്യോഗസ്ഥ അനാസ്ഥയാണ് കിഴിവ് കൂട്ടിയുള്ള ഈ ചൂഷണത്തിന് കാരണമായി കർഷകർ പറയുന്നത്. പാഡി ഓഫിസറടക്കം എത്തിയാലും ഏജൻ്റുമാരാണ് ഗുണനിലവാര തീരുമാനത്തിനു പിന്നിലെന്നാണ് ആക്ഷേപം.
സമീപത്തെ പാടങ്ങളിൽ തിരഞ്ഞെടുപ്പിന് മുമ്പായി മൂന്ന് കിലോ കിഴിവിൽ നെല്ല് സംഭരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എട്ടു മുതൽ പത്തു കിലോ വരെ കിഴിവ് വേണമെന്നാണ് സംഭരണ ഏജൻ്റുമാരുടെ ആവശ്യം. മുന്നൂറ് ഏക്കർ വരുന്ന കൃഷിയിടത്തെ 800 ടണ്ണിലധികം നെല്ലാണ് സംഭരിക്കാനുള്ളത്. ഓരോ ദിവസവും നെല്ല് ഉണക്കി സൂക്ഷിക്കേണ്ട ഗതികേടിലാണ് 220 ഓളം കർഷകർ.