മഹാകവി കുഞ്ചൻ നമ്പ്യാരുടെ സ്‌മരണകൾ നിറഞ്ഞ ഒറ്റപ്പാലം ലക്കിടി കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തോടു സർക്കാരിന്‍റെ കടുത്ത അവഗണന. സാംസ്കാരിക വകുപ്പിനു കീഴിലെ സ്മാരക കെട്ടിടം ശോച്യാവസ്ഥയിലായിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. അറ്റകുറ്റപ്പണിക്കായി ബജറ്റിൽ തുക വകയിരുത്തിയെങ്കിലും ഇതുവരെയും കൈമാറിയിട്ടില്ല.
ചോർന്നൊലിക്കുന്ന മേൽക്കൂരയും അടർന്നു നിൽക്കുന്ന ചുമരുകളുമായി ആ സ്മാരകമിങ്ങനെ നില്‍ക്കുകയാണ്. മേൽക്കൂരയിൽ പല ഭാഗത്തും പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണു ചോർച്ച തടയുന്നത്. സ്മാരകത്തിലെ കാലങ്ങളായുള്ള ദയനീയ കാഴ്ചയാണിത്. അറ്റകുറ്റപ്പണിക്കായി 2024ലെ ബജറ്റിൽ 1.96 കോടി രൂപ നീക്കിവെച്ചെങ്കിലും തുക കൈമാറാത്തതാണ് പ്രതിസന്ധി. ഭരണസമിതിയുടെ മേൽനോട്ടത്തിൽ നേരത്തെ നടത്തിയ ചില ചെറിയ അറ്റകുറ്റപ്പണികളാണു കെട്ടിടത്തെ ഇതുവരെ പിടിച്ചുനിർത്തിയത്.
സ്മാരകത്തിൽ പ്രവർത്തിക്കുന്ന കലാപീഠത്തിൽ തുള്ളൽ, മോഹിനിയാട്ടം, മൃദംഗം, ശാസ്ത്രീയ സംഗീതം എന്നീ കലാവിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇവിടുത്തെ ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തിയതോടെ ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർ മടങ്ങിപ്പോകുന്നതും പതിവായി.
ബജറ്റിൽ അനുവദിച്ച തുകയുടെ ആദ്യ ഗഡു ഉടൻ ലഭിക്കുമെന്നും അതോടെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നുമാണു ഭരണ സമിതിയുടെ നിലപാട്. കെട്ടിടം ബലപ്പെടുത്തുന്നതിനു നടപടി വൈകുകയാണെന്നാണു നാട്ടുകാർക്കും പരാതിയുണ്ട്. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.