ഇടുക്കി മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിന്‍റെ നവീകരണത്തിന് വഴിയൊരുങ്ങുന്നു. കേരള സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിനുള്ള സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്താണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക.
പഴയ മൂന്നാറിലെ 15 ഏക്കർ സ്ഥലത്ത് കോടികൾ മുടക്കിയാണ് 2008 ൽ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയം നിർമ്മിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള കായിക താരങ്ങൾക്ക് മൂന്നാറിലെത്തിച്ച് വിദേശ സാഹചര്യങ്ങൾക്ക് അനുയോജ്യമായ പരിശീലനം ഒരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സിന്തറ്റിക് ട്രാക്കും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്ത സ്റ്റേഡിയം കാലക്രമേണ കന്നുകാലികൾ മേയുന്ന ഇടമായി മാറി.
കായിക വകുപ്പും, സ്പോർട്സ് കൗൺസിലും കേരള ക്രിക്കറ്റ് അസോസിയനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സ്റ്റേഡിയം ഏറ്റെടുക്കാൻ തീരുമാനമായത്. ക്രിക്കറ്റ്, ഫുട്ബോൾ സ്റ്റേഡിയങ്ങൾക്കൊപ്പം സിന്തറ്റിക് ട്രാക്കും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കും. തൊടുപുഴ തെക്കുംഭാഗത്തെ സ്റ്റേഡിയത്തോടൊപ്പം പുതിയ അക്കാദമിയും തുടങ്ങനാണ് കെ സി എയുടെ തീരുമാനം. ഇതോടെ ജില്ലയിലെ കായിക താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.