ചുട്ടുപൊള്ളുന്ന വേനൽ ഇടുക്കിയിലെ ഏലക്കർഷകർക്ക് തലവേദനയാകുന്നു. ഏലച്ചെടികൾ കരിഞ്ഞുണങ്ങാതിരിക്കാൻ ഒരു മാസത്തിനിടെ ലക്ഷങ്ങളാണ് കർഷകർ ചെലവാക്കിയത്.
രക്താർബുദബാധിതനായ കർഷകൻ രാജുവിന്റെ ഉപജീവനമാർഗമാണ് ഏലകൃഷി. കഴിഞ്ഞതവണത്തെ വേനലിൽ ലക്ഷങ്ങൾ ചെലവാക്കിയാണ് ഏല ചെടികൾ സംരക്ഷിച്ചത്. എന്നാൽ ഇത്തവണ കടുത്ത വേനൽ നേരത്തെ എത്തിയതോടെ ഒരു ലക്ഷം രൂപ ചെലവഴിച്ച് തണൽവലകൾ നേരെത്തെ വിരിച്ചു. ദിവസേന രണ്ടു നേരം വെള്ളമടിച്ചിട്ടും ചെടികൾ കരിയുന്നത് ആശങ്കയാവുകയാണ്.
വിളവെടുപ്പ് സീസൺ അവസാനിക്കാറയതോടെ ഏലത്തോട്ടങ്ങളിൽ ഉത്പാദനം വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. സാധാരണ ഇക്കാലയളവിൽ വില ഉയരേണ്ടതാണെങ്കിലും 15 ദിവസത്തിനിടെ കിലോയ്ക്ക് 350 കുറഞ്ഞതും പ്രതിസന്ധിയാണ്. കഴിഞ്ഞവർഷം വേനലിൽ ഏലത്തിന് മാത്രം 113 കോടിയുടെ നഷ്ടമുണ്ടായിട്ടും സർക്കാർ ഇതുവരെ 10 കോടി രൂപ മാത്രമാണ് നൽകിയത്. തുടർച്ചയായ രണ്ടാം വർഷവും കടുത്ത വേനൽ ഭീഷണിയാകുന്നതിനാൽ കൃഷി നിർത്തേണ്ട ഗതികേടിലാണ് ഏല കർഷകർ.