എറണാകുളം വാഴക്കുളം പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ സംഘർഷം. ഭൂമി ഒഴിപ്പിക്കാൻ എത്തിയ അഭിഭാഷക കമ്മീഷനെ പ്രതിഷേധക്കാർ തടഞ്ഞു. നടപടികൾ താൽക്കാലികമായി അവസാനിപ്പിച്ച് അഭിഭാഷ കമ്മീഷൻ പിൻവാങ്ങി.
പെരുമ്പാവൂർ വാഴക്കുളം പാരിയത്ത്കാവിലെ എട്ടു കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് കോടതി ഉത്തരവ്. നോട്ടീസ് നൽകാതെയാണ് കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. സ്ഥലത്തെത്തിയ ഡെപ്യൂട്ടി കലക്ടർക്കും ACP യ്ക്കും പ്രതിഷേധക്കാർ പരാതി നൽകി. എന്നാൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അഭിഭാഷക കമ്മീഷന്റെ നിലപാട്.
ഇതോടെ അഭിഭാഷക കമ്മീഷനെ പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സംഘവും എത്തിയിരുന്നു. എന്നാൽ തടിയിട്ട പറമ്പ് എസ് എച്ച് ഒ ആശുപത്രിയിലായതിനെ തുടർന്ന് നടപടികൾ തുടരാൻ കഴിയില്ല എന്ന് ഡെപ്യൂട്ടി കളക്ടർ എഴുതി നൽകി. തുടർന്ന് അഭിഭാഷ കമ്മീഷൻ നടപടികൾ പൂർത്തിയാക്കാതെ പിൻവാങ്ങുകയായിരുന്നു. കമ്മീഷൻ ഈ വിവരം കോടതിയെ ധരിപ്പിക്കും. ഏഴാമത്തെ തവണയാണ് അഭിഭാഷക കമ്മീഷൻ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തുന്നത്. മുൻപ് ഏഴ് തവണയും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.