മലയാള നാടക രംഗത്തെ മാറ്റി മറിച്ച കാവാലം നാരായണ പണിക്കരുടെ കലിവേഷം വീണ്ടും അരങ്ങിലെത്തി. സ്ഥിരമായി കലി വേഷം കെട്ടാൻ വിധിക്കപ്പെട്ട നടന്‍റെ ആത്മസംഘർഷത്തിന്‍റെ കഥയാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. കലി വേഷം കെട്ടിയാടാൻ മാത്രം വിധിക്കപ്പെട്ട കഥകളിക്കാരന്‍റെ മാനസിക സംഘർഷങ്ങളിലൂടെയാണ് നാടകം മുന്നോട്ട് നീങ്ങുന്നത്.
കുടിലതയുടെ പര്യായമായ കലി, നാടകത്തിൽ ഉടനീളം നടന്‍റെയും നളന്‍റെയും സ്വൈര്യം കെടുത്തുന്നു. ഒരേ വേദിയിൽ സാത്വികനായും ക്രൂരനായും എത്തേണ്ടിവരുന്ന വേഷം തനിക്ക് വെല്ലുവിളി നിറഞ്ഞതാണെന്ന് കലി വേഷക്കാരനെ അവതരിപ്പിക്കുന്ന ഗിരീഷ് സോപാനം പറയുന്നു.
കാവാലം എഴുതിയ കലിസന്തരണം എന്ന കവിതയുടെ ദൃശ്യാവിഷ്കരണമാണ് കലിവേഷം. എറണാകുളം കരയോഗവും, ബീമുമാണ് നാടകം വീണ്ടും അരങ്ങിൽ എത്തിച്ചത്.