ഇടുക്കി പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രത്തിലെ നിർമാണപ്രവർത്തനങ്ങൾക്ക് വനംവകുപ്പ് തടസം നിൽക്കുന്നുവെന്ന പരാതിയിൽ സർവേ തുടങ്ങി. റവന്യു, വനം, ടൂറിസം വകുപ്പുകൾ സംയുക്തമായാണ് സർവേ നടത്തുന്നത്. ഭൂമി കയ്യേറിയെന്നാരോപിച്ചാണ് പാഞ്ചാലിമേട്ടിലെ നിർമാണപ്രവർത്തനങ്ങൾ വനംവകുപ്പ് തടഞ്ഞത്.
ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ഇഷ്ട കേന്ദ്രങ്ങളിലൊന്നായ പാഞ്ചാലിമേട്ടിൽ മൂന്നേകാൽ കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് നടത്തിവന്നിരുന്നത്. ബോട്ടിങിനായി ചെക്ക് ഡാം നിർമിക്കുന്നതിനിടെയാണ് ഭൂമിയുടെ അവകാശവാദമുന്നയിച്ച് വനംവകുപ്പ് രംഗത്തെത്തിയത്. റവന്യു വകുപ്പ് ടൂറിസം വകുപ്പിന് വിട്ടു നൽകിയ സ്ഥലത്താണ് നിർമാണം തുടങ്ങിയതെന്നാണ് ജില്ല പഞ്ചായത്തിന്റെ വിശദീകരണം. പിന്നാലെയാണ് ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിൽ സംയുക്ത സർവേ തുടങ്ങിയത്. റിപ്പോർട്ട് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കളക്ടർ പറഞ്ഞു
വനം, റവന്യു വകുപ്പുകളുടെ കൈവശമുള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് സർവേ നടത്തുന്നത്. 2018 ൽ ആദ്യ ഘട്ട നിർമാണം നടത്തിയപ്പോൾ തടസമുന്നയിക്കാത്ത വനംവകുപ്പ് രണ്ടാം ഘട്ടത്തിൽ ഭൂമിയുടെ അവകാശവാദം ഉന്നയിക്കുന്നത് മേഖലയിലെ വിനോദ സഞ്ചാര സാധ്യതകളെ തകർക്കാനാണെന്ന് ചൂണ്ടിക്കാട്ടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു വനം മന്ത്രിക്ക് പരാതി നൽകിയിരുന്നു.