un

TOPICS COVERED

യുഎസ് കോണ്‍സുലേറ്റിന്‍റെ നേതൃത്വത്തില്‍ അഞ്ച് രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിമന്‍ ഇന്‍ സയന്‍സ് ക്യാംപ് കൊച്ചിയില്‍ സമാപിച്ചു. യുഎന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച ആഗോള നേതൃത്വ വികസന സംരംഭമായ ഗേള്‍ അപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്ര, സാങ്കേതികവിദ്യ, ആര്‍ട്സ്, എന്‍ജിനീയറിങ് മേഖലകളില്‍ ലിംഗസമത്വം ഉറപ്പാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.  

 

കാകനാട് രാജഗിരി ക്യാംപസിലായിരുന്നു ഒരാഴ്ച നീളുന്ന സൗത്ത് ഏഷ്യന്‍ ക്യാംപ്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം സ്കൂള്‍ വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ശാസ്ത്ര, സാങ്കേതിക, എന്‍ജിനീയറിങ് മേഖലയിലെ അനന്തസാധ്യതകളിലേക്ക് പെണ്‍ക്കുട്ടികളെ പ്രാപ്തരാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചര്‍ച്ചകള്‍, ശില്‍പശാലകള്‍, വിദഗ്ദരുടെ ക്ലാസുകള്‍ എന്നിങ്ങനെയായിരുന്നു ക്യാംപിന്റെ ഉള്ളടക്കം. കാലാവസ്ഥ ശാസ്ത്രം, വ്യോമയാന രംഗത്തെ  സ്ത്രീ പ്രാതിനിധ്യം, എഐ ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിങ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളും ക്യാംപില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി. അമേരിക്കയിലെ കാറ്റര്‍പില്ലര്‍ ഫൗണ്ടേഷന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

ഇന്ത്യയിലെയും കേരളത്തിലെയും പെണ്‍കുട്ടികള്‍ക്കായി വരും കാലങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും കാറ്റര്‍പില്ലര്‍ ഫൗണ്ടേഷനെ നയിക്കുന്ന മലയാളി ആശ വര്‍ഗീസ് വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശിനിയാണ് ഫൗണ്ടേഷന്‍ പ്രസിഡന്‍റായ ആശ. 2015 മുതല്‍ 1100ലേറെ പെണ്‍ക്കുട്ടികളാണ് യുഎസ് കോണ്‍സുലേറ്റിന്‍റെ ക്യാംപില്‍ പങ്കെടുത്ത് പരിശീലനം നേടിയത്. 

ENGLISH SUMMARY:

The US Consulate's Women in Science Camp has concluded