കലൂര്‍ - കതൃക്കടവ് റോഡില്‍ സ്കാനിയ ബസ് കുഴിയില്‍ വീണ് തകരാറിലായി. കേടായ ബസ് 10 മണിക്കൂര്‍ പിന്നിട്ടിട്ടും റോഡില്‍ നിന്ന് മാറ്റാതായതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പൊതുപ്രവര്‍ത്തകര്‍ എത്തിയാണ് ഒടുവില്‍ റോഡിലെ കുഴിയടച്ചത്.
ഇന്നലെ രാത്രി 10.30 ഓടെയാണ് ബംഗലൂരു-എറണാകുളം സര്‍വീസ് നടത്തുന്ന സ്കാനിയ ബസ് കലൂര്‍ കതൃക്കടവ് റോഡിലെ കുഴിയില്‍ വീണ് കേടായത്. രാവിലെ 10 മണി ആയിട്ടും കേടായ ബസ് എടുത്തുമാറ്റുന്നതിനോ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനോ ജിസിഡിഎ തയ്യാറായില്ല. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പടെ ഇതുവഴി കടന്നു പോയവര്‍ ഗതാഗത കുരുക്കില്‍പ്പെട്ടു. ജി.സി.ഡി.എ കൃത്യമായി നടപടി സ്വീകരിക്കാത്തതാണ് കാരണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആരോപിച്ചു.
റോഡിലെ കുഴയില്‍ വീണ് അപകടം പതിവായതോടെ നാട്ടുകാരുടെയും പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് താല്‍ക്കാലികമായെങ്കിലും കുഴി അടച്ചത്. സ്ഥലത്തെ ഗതാഗതം നിയന്ത്രിക്കാന്‍ മൂന്ന് പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൗണ്‍സിലറുടെയും നാട്ടുകാരുടെയും പരാതി രൂക്ഷമായതോടെയാണ് ഒടുവില്‍ ബസ് എടുത്തു മാറ്റാന്‍ നടപടി സ്വീകരിച്ചത്.