moonilav

പാലാ മൂന്നിലവ് ടൗണിലെ വെയിറ്റിംഗ് ഷെഡും പൊതുകിണറും ഉള്‍പ്പെടുന്ന പൊതുസ്ഥലം പഞ്ചായത്തിന് നഷ്ടമായേക്കും. സ്വകാര്യവ്യക്തിയ്ക്ക് പോക്ക് വരവ് ചെയ്ത് നല്കാന്‍ ഭൂരേഖ തഹസില്‍ദാരുടെ അനുമതി വന്നതോടെ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മറ്റ് പഞ്ചായത്ത് അംഗങ്ങൾ. പഞ്ചായത്ത് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും ഉദാസീനതയാണ് പഞ്ചായത്തിന്‍റെ സ്ഥലം നഷ്ടമാകാന്‍ കാരണമായതെന്ന് ഇവർ ആരോപിച്ചു. 

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രദേശവാസി പഞ്ചായത്തിന് വിട്ടുനല്‍കിയ 5 സെന്‍റ് സ്ഥലത്താണ് നാട്ടുകാർക്കായുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും പൊതു കിണറും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സ്ഥലം സറണ്ടര്‍ ചെയ്ത് വാങ്ങാന്‍ കാലങ്ങളായുള്ള ഭരണസമിതികൾ ശ്രമിച്ചിരുന്നില്ല. ഏതാനും ആഴ്ചമുന്‍പാണ് ഈ സ്ഥലം പോക്കുവരവ് ചെയ്ത് നല്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് , ഇതിനോട് ചേര്‍ന്നുള്ള സ്ഥലം വാങ്ങിയ ആള്‍ അപേക്ഷ നല്കിയത്. ഹിയറിംഗില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ഹാജരായെങ്കിലും ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ പോയതോടെ പഞ്ചായത്തിന് തിരിച്ചടിയായി

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പലകാലങ്ങളിൽ നവീകരിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഫണ്ട് വിനിയോഗിച്ചത് സംബന്ധിച്ച രേഖകള്‍പോലും ഹാജരാക്കാന്‍ പഞ്ചായത്തിനായില്ല. .അതേസമയം, വസ്തു കൈമാറിയ സമ്മതപത്രം പഞ്ചായത്തിന്റെ കൈവശമുണ്ടെന്നും രേഖകള്‍ ഹാജരാക്കുന്നതില്‍ ഉദ്യോഗസ്ഥന് പിഴവ് പറ്റിയതായും പഞ്ചായത്ത് പ്രസിഡിന്റ് പി.എല്‍ ജോസഫ് പറഞ്ഞു. ആര്‍ഡിഒയ്ക്കടക്കം അപ്പീല്‍ നല്കിയതായും പഞ്ചായത്തിന്‍റെ ആസ്തി ഒരു കാരണവശാലും നഷ്ടപ്പെടുത്തില്ലെന്നും ഭരണസമിതി വ്യക്തമാക്കുന്നു.