വഴിവിളക്കുകളണഞ്ഞ് എം.സി റോഡ് ഇരുട്ടിലായി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ല. തകരാറിലായ സൗരോര്‍ജ വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് കാരണം. തകര്‍ന്നു വീഴാറായ വിളക്കിന്‍റെ ബാറ്ററിപ്പെട്ടികളും വിളക്കുകാലുകളും യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുകയാണ്.
ഇടിഞ്ഞില്ലം മുതല്‍ കുറ്റൂരില്‍ വരട്ടാര്‍ പാലം വരെ, നൂറിനടുത്ത് സൗരോര്‍ജ വിളക്കുകളുണ്ട് പക്ഷേ ഒന്നും കത്തുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള വിളക്കുകളുടെ വെളിച്ചം ഒഴിച്ചാല്‍ എം.സി.റോഡ് പൂര്‍ണമായും ഇരുട്ടിലാണ്. ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകള്‍ വീടുപിടിക്കാന്‍ ഓടുന്നതും വെളിച്ചമില്ലാത്തിടത്ത് പേടിച്ച് ബസ് കാത്ത് നില്‍ക്കുന്ന യാത്രക്കാരുമെല്ലാം നഗരത്തിലെ പതിവ് കാഴ്ചകളായി. വാഹനാപകടങ്ങളും സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷം.
സൗരോര്‍ജ പാനലുമായി ബന്ധിപ്പിച്ചിരുന്ന ബാറ്ററികളില്‍ പലതും മോഷണം പോയി. ചിലത് സൂക്ഷിച്ചിരുന്ന പെട്ടി ദ്രവിച്ച് താഴെ വീണു. ബാക്കിയുള്ളവ നിലത്ത് പതിക്കാന്‍ തയ്യാറായി നില്‍പ്പുണ്ട്. ഉദ്ഘാടനം ചെയ്യാന്‍ കാണിച്ച ഉത്സാഹം കെഎസ്ടിപിയും അനേര്‍ട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറ്റകുറ്റപ്പണി നടത്തലില്‍ കൂടി കാണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.