ജപ്പാൻ കുടിവെള്ള പദ്ധതിക്കായി കുഴിച്ച റോഡ് നന്നാക്കി നൽകാതെ വാട്ടർ അതോറിറ്റി.. റോഡിന്റെ ഉത്തരവാദിത്വം വാട്ടർ അതോറിറ്റിക്ക് എന്നുപറഞ്ഞ് പിഡബ്ല്യുഡിയും കൈയ്യൊഴിഞ്ഞതോടെ ദുരിതത്തിലാണ് വൈക്കം മറവന്തുരുത്തുകാർ. മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ പരാതി നൽകിയെങ്കിലും വകുപ്പുകൾ പരസ്പരം പഴിചാരിയതല്ലാതെ ഒന്നും നടന്നില്ല. ടോളിൽ നിന്ന് ചുങ്കം വരെയുള്ള മൂന്നു കിലോമീറ്റർ പ്രദേശത്താണ് ദുരിതയാത്ര
2011 ലാണ് ചേർത്തല ജപ്പാൻ കുടി വെള്ള പദ്ധതി പൂർത്തിയാക്കിയത്. പിന്നീട് പത്തിലധികം തവണ പൈപ്പ് പൊട്ടി ഇവിടെ റോഡ് തകർന്ന് നാശനഷ്ടങ്ങളുണ്ടായിരുന്നു. നാലു വർഷം മുമ്പ് ടാർ ചെയ്തും അറ്റകുറ്റപണി നടത്തിയും നന്നാക്കി റോഡാണ് ഇപ്പോൾ ഈ ഗതിയിലായത്.
പദ്ധതിക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിക്ക് കൈമാറിയ റോഡ് കരാർ പ്രകാരം ഇതുവരെയും നന്നാക്കി കൊടുത്തിട്ടില്ല..പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സിപിഐ ലോക്കൽ സെക്രട്ടറി തന്നെ കൊടുത്ത നവ കേരള സദസ്സ് പരാതിക്കുള്ള മറുപടിയിൽ സാങ്കേതികത്വം പറഞ്ഞ് സർക്കാരും കയ്യൊഴിഞ്ഞു.
റോഡ് വാട്ടർ അതോറിറ്റിയുടെ കീഴിലാണെന്നും പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും കരാർ പാലിച്ച് റോഡ് മടക്കി നൽകിയില്ലെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ പറയുന്നു .റോഡ് പല ഭാഗത്തും താഴ്ന്നും തകർന്നുമാണുള്ളതെന്നും ഇത് പരിഹരിച്ച് കൈമാറിയാൽ മാത്രമെ റോഡ് നന്നാക്കാനാവുമെന്നുമുള്ള വിശദീകരണത്തോടെ പ്രശ്നത്തിന് അടുത്തൊന്നും പരിഹാരമാവില്ലെന്ന് ഉറപ്പായി.
Water authority not repairing road dug for japan drinking water project