വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി വാഗമണ്ണിൽ സ്ഥാപിച്ച ഹരിത ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. വാഗമണ്ണിലേക്ക് പ്രവശിക്കുന്ന അഞ്ചിടങ്ങളിലാണ് ഏലപ്പാറ പഞ്ചായത്ത് ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നത്.
വാഗമണ്ണിൽ സഞ്ചാരികൾ ഉപേക്ഷിക്കുന്ന ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും ഹരിത ചട്ടം സംബന്ധിച്ച് ബോധവത്ക്കരണം നൽകാനുമാണ് ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചത്. ഹരിത കർമ സേനയുടെ കീഴിലായിരുന്നു പ്രവർത്തനം. നാല് വർഷം നല്ല രീതിയിൽ ചെക്ക് പോസ്റ്റ് പ്രവർത്തിച്ചതോടെ വാഗമണ്ണിൽ മാലിന്യം നിക്ഷേപിക്കുന്നത് വലിയ അളവിൽ കുറയ്ക്കാൻ സാധിച്ചിരുന്നു. എന്നാലിപ്പോൾ സ്ഥിതി അങ്ങനെയല്ല. ഹരിത കർമ സേനയുടെ പ്രവർത്തനം ഇല്ലാതായതോടെ സഞ്ചരികളെത്തുന്ന ഇടങ്ങളിലെല്ലാം മാലിന്യം നിറയുകയാണ്.
ഹരിത കർമ സേനയെ കാര്യക്ഷമമാക്കി ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ഉടൻ തുടങ്ങുമെന്നാണ് ഏലപ്പാറ പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ ചെക്ക് പോസ്റ്റുകൾ ടൂറിസം വകുപ്പ് ഏറ്റെടുത്ത് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Green checkpost in Vagamon