കേരളത്തിന്‍റെ സൈക്കിളിംഗ് മത്സരങ്ങൾക്ക് പുതിയ മുഖം നൽകി ടൂർ ഓഫ് തേക്കടിയുടെ മൂന്നാം സീസൺ മത്സരങ്ങൾ. കെഗ് ബൈക്കേഴ്സ് സംഘടനയുടെ നേതൃത്വത്തിലാണ് കോട്ടയം, ഇടുക്കി ജില്ലകളെ തൊട്ടറിഞ്ഞ് സൈക്കിൾ ടൂറും സൈക്കിൾ റേസും സംഘടിപ്പിച്ചത്.
കോട്ടയം ഇടുക്കി റൂട്ടിൽ അണക്കര വരെ 145 കിലോമീറ്റർ റേസ്. അതും സൈക്കിളിൽ. വേറിട്ട ഒരു അനുഭവത്തിനായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയവർ ഉൾപ്പെടെ ഒന്നിച്ചു കൂടി. സിരകളിൽ സൈക്കിൾ എന്ന വികാരം മാത്രം ചേർത്തുവച്ചവർ ഒത്തുകൂടിയപ്പോൾ കെഗ് ബൈക്കേഴ്സ് സംഘടന ഒപ്പം നിന്നു. രാവിലെ അഞ്ചുമണിയുടെ ഫ്ലാഗോഫോടെ റേസ് ഇനങ്ങൾ ആരംഭിച്ചു.
അഞ്ചുമണിക്കൂർ 18 മിനിറ്റിൽ 145 കിലോമീറ്റർ പൂർത്തിയാക്കി അണക്കരയിൽ എത്തിയ സാൽവിനാണ് എലൈറ്റ് മെൻ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരൻ. മെൻ മാസ്റ്റേഴ്സ് വിഭാഗത്തിൽ സുധി ചന്ദ്രനും വനിതാ വിഭാഗത്തിൽ അലനിസ് ലില്ലിയും ടീമിനത്തിൽ സിബിആർ ബംഗളൂരുവും ഒന്നാം സ്ഥാനം നേടി. മത്സരത്തിനൊപ്പം സൈക്കിൾ ടൂറിൽ പങ്കെടുക്കാനും നിരവധിപേരെത്തി. കോട്ടയത്ത് നിന്ന് ആരംഭിച്ച സൈക്കിൾ ടൂർ ഇടയ്ക്കു നിർത്തി കാഴ്ചകൾ കണ്ട് 18 മണിക്കൂർ കൊണ്ട് കുമളിയിലെത്തി യാത്ര പൂർത്തിയാക്കി.
Cycling event by tour of thekkady