ബജറ്റിൽ ഒരു കോടി രൂപ നീക്കി വെച്ചെങ്കിലും നടൻ മാളാ അരവിന്ദന് സ്മാരകമെന്ന ആവശ്യം പ്രഖ്യാപനത്തിലൊതുങ്ങി. നാടിനെ ഹൃദയ തുല്യം സ്നേഹിച്ച കലാകാരനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
ഒന്‍പത് വർഷമായി മാള അരവിന്ദൻ വിട പറഞ്ഞിട്ട്. പേരിനൊപ്പം നാടിന്‍റെ പേര് കൂടി ചേർത്ത് അറിയപ്പെട്ടിരുന്ന അതുല്യ കലാകാരനെ പക്ഷെ നാട് മറന്ന മട്ടാണ്. നാലര പതിറ്റാണ്ടു കാലം അഭ്രപാളിയിൽ നിറഞ്ഞു നിന്ന താരത്തിന്‍റെ പേരിലുള്ള സ്മാരകം കടലാസിൽ മാത്രം ഒതുങ്ങി. വർഷം തോറും സ്മാരകത്തിനായി നിവേദനം നൽകുന്നുണ്ടെങ്കിലും കാര്യമായ അനക്കമില്ല.
2016 ൽ ബജറ്റിൽ സ്മാരകത്തിനായി ഒരു കോടി രൂപ നീക്കി വെച്ചെങ്കിലും മതിയായ സ്ഥലം കണ്ടെത്താനായില്ലെന്നാണ് വിശദീകരണം. മാള അരവിന്ദൻ ഫൗണ്ടേഷൻ ഇതുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പിനു നിവേദനം സമർപ്പിച്ചിരുന്നെങ്കിലും തൃപ്തികരമല്ല മറുപടി. പഞ്ചായത്ത് ബസ്റ്റാന്റിനങ്കിലും മാള അരവിന്ദന്‍റെ പേര് നൽകണമെന്നാവശ്യപ്പെട്ടെങ്കിലും അതും നിരാകരിക്കപ്പെട്ടു. മുസരീസ് പൈതൃക പദ്ധതിയിലുള്ള മാളക്കടവിൽ സ്മാരകം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടി നീളുകയാണെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ആലോചികുന്നുണ്ട്.