കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മികച്ച ഹോം കെയർ പരിചരണം നൽകുന്നതിന് വൊളന്‍റിയേഴ്സിനെ നിയമിച്ച്, എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ പാലിയേറ്റീവ് കെയർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ പട്ടിക എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നൽകുന്നതിന് ആവശ്യമായ വൊളന്‍റിയേഴ്സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രിയിൽ നൂതന സംവിധാനങ്ങളോടെ ലേബർ റൂംകോംപ്ലക്സ്, മെഡിക്കൽ ഐ.സി.യു , കുട്ടികളുടെ പാർക്ക്, ബേൺസ് യൂണിറ്റ്, എന്നിവ ഉൾപ്പടെ ഒൻപത് പദ്ധതികളാണ് മന്ത്രി നാടിനു സമർപ്പിച്ചത്. എം.പി ഫണ്ട്, എം.എൽ.എ ഫണ്ട്, സി.എസ്.ആർ തുടങ്ങി വിവിധ തരത്തിലുള്ള ഫണ്ടുകൾ ഉപയോഗിച്ചാണ് പദ്ധതികൾ യാഥാർഥ്യമാക്കിയത്.
Veena George said that Kerala will become a complete palliative care state