zoo-park

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വിദേശത്തു നിന്ന് അനക്കോണ്ടയും കാങ്ഗ്രൂവും ഏപ്രിലില്‍ എത്തും. തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മൃഗങ്ങളെ പൂര്‍ണമായും മേയ് മാസത്തിനു മുമ്പേ പുത്തൂരിലേക്ക് മാറ്റാനും ധാരണയായി. 

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സുവോളജിക്കല്‍ പാര്‍ക്ക് പുത്തൂരില്‍ ഒരുങ്ങുകയാണ്. രണ്ടാംഘട്ട നിര്‍മാണം കഴിഞ്ഞു. വയനാട്ടില്‍ നിന്ന് പിടികൂടിയ നരഭോജി കടുവ ഉള്‍പ്പെടെ മൂന്ന് കടുവകള്‍ ഇതിനോടകം പുത്തൂരിലെ സംരക്ഷണ കേന്ദ്രത്തിലുണ്ട്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടേറെ മൃഗങ്ങളെ പുത്തൂരില്‍ എത്തിക്കും. ഇതിനുള്ള സമയക്രമമായി. സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പൊതുജനങ്ങള്‍ക്കു പ്രവേശനം ലഭിക്കാന്‍ ഈ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടി വരും.

വയനാട്ടില്‍ കൂട്ടിലായ നരഭോജി കടുവയ്ക്കു വീണ്ടും ശസ്ത്രക്രിയ വേണം. മുഖത്തെ മുറിവുണങ്ങാന്‍ ഡോക്ടര്‍മാരിട്ട തുന്നിക്കെട്ടുകള്‍ കടുവതന്നെ പൊട്ടിച്ചു. മുറിവ് പാതി ഭേദമായിട്ടുണ്. കടുവയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരിട്ട പേര് രുദ്രന്‍ എന്നാണ്. സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന രുദ്രന്‍ ഉറങ്ങുന്ന സമയമൊഴിച്ച് ബാക്കിയെല്ലായ്പ്പോഴും രൗദ്രഭാവത്തിലാണ്. സംരക്ഷണ കേന്ദ്രത്തിലെ മൂന്നു കടുവകളേയും ഭാവിയില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും.