TAGS

വെള്ളൂർ KPPL‍ല്‍ തീപിടുത്തം പതിവായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി AITUC. വ്യവസായം നശിച്ചു കാണണമെന്ന് ആഗ്രഹമുള്ള ലോബി കെപിപിഎല്ലിൽ പ്രവർത്തിക്കുന്നു. തീപിടുത്തം പതിവായിട്ടും സുരക്ഷാസംവിധാനം മെച്ചപ്പെടുത്താത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ഉയരുമ്പോഴാണ് ഇടത് അനുകൂല യൂണിയനും തുറന്നടിക്കുന്നത്.

HNL നെ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത് കെപിപിഎൽ ആക്കി ഒരു വർഷം പിന്നിടുമ്പോഴും തൊഴിലാളിക്ക് പ്രതീക്ഷയ്ക്ക് വകയൊന്നും ഇല്ലെന്നാണ് ഇടത് അനുകൂല യൂണിയനുകൾ തന്നെ തുറന്നടിക്കുന്നത്. പേപ്പർ നിർമ്മിക്കുന്നു എന്ന് വരുത്തി തീർക്കുന്നതല്ലാതെ കാര്യമായ പ്രവർത്തനങ്ങൾ ഇല്ലെന്ന പരാതി സിഐടിയുവും പല യൂണിയനുകളും പല കാലങ്ങളിൽ അറിയിച്ചു. മൂന്നുമാസം മുൻപുള്ള തീപിടുത്തത്തിന് പിന്നാലെ കോട്ടയം ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സമിതി സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്തത്   ചൂണ്ടിക്കാണിച്ചെങ്കിലും അനക്കമൊന്നുമില്ല. 

നാലുമാസത്തിനുള്ളിൽ അഞ്ചു തീപിടുത്തങ്ങൾ ആണ് കെപിപിഎല്ലിൽ ഉണ്ടായത്.  പേപ്പർ പ്ലാന്റിൽ ഉണ്ടായ വൻ തീപിടുത്തത്തിലെ നാശനഷ്ടത്തിന്റെ കണക്കുപോലും മൂന്നുമാസമായിട്ടും കെപിപിഎൽ പുറത്തുവിട്ടിട്ടില്ല.തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുന്നു എന്ന മറുപടിയല്ലാതെ സർക്കാരിന്റെ അഭിമാന പ്രൊജക്റ്റിന് വേണ്ടി ചെറുവിരൽ അനക്കുന്നു പോലുമില്ലെന്നാണ് ജീവനക്കാരുടെ പരാതി.