പുതുവല്‍സരാഘോഷം പരിധി വിടരുത്; നടപടി ആവശ്യപ്പെട്ട് 'നമ്മള്‍ കൊച്ചിക്കാര്‍'

ഫോർട്ട്കൊച്ചിയിലെ പുതുവത്സരാഘോഷ ചടങ്ങുകളിൽ കഴിഞ്ഞതവണത്തെ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികൾ. "നമ്മൾ കൊച്ചിക്കാർ" എന്ന സംഘടനയാണ് വിഷയത്തിൽ കോർപ്പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശക്തമായ ഇടപെടൽ ആവശ്യപ്പെടുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ കൃത്യമായി നിർദ്ദേശങ്ങളും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

കിലോമീറ്റർ നീണ്ട ഗതാഗതക്കുരുക്കിലും തിരക്കിലും പശ്ചിമകൊച്ചി നിശ്ചലമായത് കഴിഞ്ഞ പുതുവർഷ രാത്രിയിലാണ്. തിരക്ക് എല്ലാവർഷവും ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞതവണ കാര്യങ്ങൾ കൈവിട്ടുപോയി.  പ്രതീക്ഷിച്ചതിലും ഏറെ ആളുകൾ പുതുവർഷാഘോഷത്തിന് എത്തിയതായിരുന്നു ഒന്നാമത്തെ പ്രശ്നം. 4 ലക്ഷത്തിലധികം പേർ ആഘോഷങ്ങൾക്ക് എത്തിയെന്നാണ് കണക്ക്. ഇത്രയധികം പേർ എത്തുമെന്ന് പൊലീസിന്റെ കണക്കുകൂട്ടലിൽ എവിടെയും ഉണ്ടായിരുന്നില്ല. ഫോർട്ട് കൊച്ചി ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നതിലും പ്രശ്നങ്ങൾ ഉണ്ടായി. പപ്പാഞ്ഞിയെ കത്തിക്ക ചടങ്ങിന്ശേഷം ഉടൻതന്നെ മൈതാനം വിട്ടുപോകാൻ ആയിരുന്നു പൊലീസിന്റെ നിർദേശം. ഡിജെ പാർട്ടിയും നിർത്തി വെച്ചു. ഇതോടെ ആളുകൾ കൂട്ടത്തോടെ മൈതാനം വിട്ടിറങ്ങിയതോടെ ചെറിയ റോഡുകളിൽ നിൽക്കാൻ പോലും പറ്റാത്ത സ്ഥിതിയാക്കി. ഇക്കുറി പപ്പാഞ്ഞിയെ കത്തിച്ചതിനുശേഷവും ആഘോഷങ്ങൾ തുടരണം എന്നാണ് തിരക്കൊഴിവാക്കാനുള്ള പ്രധാന നിർദ്ദേശം.

തിരക്ക് നിയന്ത്രിക്കാൻ പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ടൂറിസം മന്ത്രിക്കും, കോർപ്പറേഷനും ജില്ലാ ഭരണകൂടത്തിനും ഇവർ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. നിർദ്ദേശങ്ങളിൽ അനുകൂല പ്രതികരണം ലഭിച്ചത് ഏറെ പ്രതീക്ഷയോടെയാണ് ഇവർ കാണുന്നത്. 

Natives demand strict security measures for new year celebrations