റോഡിലെ ട്രാഫിക് ഒഴിവാക്കണം; മകളുമായി ചെറു വിമാനത്തില്‍ പറന്ന് അച്ഛന്‍

പ്രതീകാത്മക ചിത്രം, കടപ്പാട്; HT

ചൈനീസ് ന്യൂഇയര്‍ മകള്‍ക്കൊപ്പം തന്‍റെ സ്വന്തം നാട്ടില്‍ ആഘോഷിക്കാന്‍ ഒരച്ഛന്‍ കണ്ടെത്തിയ മാര്‍ഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഏഴുവയസുകാരിയായ മകള്‍ക്ക് റോഡിലെ ട്രാഫിക് ഒരു പ്രശ്നമാകാതിരിക്കാന്‍ വാങ് എന്ന അച്ഛന്‍ രണ്ട് സീറ്റ് മാത്രമുള്ള ഒരു കുഞ്ഞന്‍ വിമാനം വാടകയ്ക്കെടുത്തു. പൈലറ്റുമായി. കിഴക്കന്‍ ചൈനയിലെ അന്‍ഹുയിലാണ് വാങ് ജനിച്ച് വളര്‍ന്നത്. നിലവില്‍ പൈലറ്റ് ട്രെയിനറായി ജോലി ചെയ്തു വരികയാണ്. 

റോഡ് മാര്‍ഗം സ്വദേശത്തെത്തണമെങ്കില്‍ മൂന്ന് മണിക്കൂറെടുക്കും. എന്നാല്‍ വിമാനമാര്‍ഗമാണെങ്കില്‍ വെറും 50 മിനിറ്റ് തന്നെ ധാരാളം. ഈ നേരത്ത് മകള്‍ക്ക് സ്വസ്ഥമായി ഒന്നുറങ്ങി എഴുന്നേല്‍ക്കുകയും ചെയ്യാം. എന്നാല്‍ വിമാനം തന്നെ മതിയെന്ന് തീരുമാനിച്ചതോടെ വാടക വിമാനത്തിനായി വാങ് അപേക്ഷ നല്‍കി. യാത്രയുടെ സമയത്തേക്ക് വിമാനത്തിന്‍റെ സഞ്ചാരപാത മുന്‍കൂട്ടി ബുക്ക് ചെയ്തു. വാടകയ്ക്ക് വിമാനമെടുത്തതിന് മാത്രമായി ഒരു ലക്ഷത്തി അന്‍പത്തിയയ്യായിരം യുഎസ് ഡോളറാണ് വാങിന് ചിലവായത്. ഫുള്‍ടാങ്ക് ഇന്ധനവും നിറച്ചു. 

പണമിച്ചിരി പോയാലെന്താ മകളുമായി സമാധാനത്തെ വീട്ടിലെത്തി പുതുവര്‍ഷം ആഘോഷിക്കാനായല്ലോ എന്ന സമാധാനത്തിലാണ് വാങ്. ഇത്ര ആഡംബരപൂര്‍ണമായ കുട്ടിക്കാലം കഥകളില്‍ മാത്രമേ കേട്ടിട്ടുള്ളുവെന്നായിരുന്നു വാങിന്‍റെ വാര്‍ത്തയോട് പലരുടെയും പ്രതികരണം. ഫെബ്രുവരി പത്തിനായിരുന്നു ചൈനീസ് പുതുവര്‍ഷം. എല്ലാവരും സ്വന്തം കുടുംബങ്ങളില്‍ പുതുവര്‍ഷാഘോഷത്തിന് പോകുന്നതിനാല്‍ ഈ സമയങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കാണ് ചൈനയില്‍ അനുഭവപ്പെടാറുള്ളത്. തിരക്ക് ഒഴിവാക്കാനായി 1873 പാസഞ്ചര്‍ ട്രെയിനുകളാണ് ഇക്കുറി സര്‍ക്കാര്‍ അനുവദിച്ചത്. തിരക്ക് 40 ദിവസം വരെ നീളാറുണ്ട്. 

to beat new year rush, chinese man rented two seater plane, viral