watershortage

കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ് ഇടുക്കി കണ്ണമ്പടി മുല്ല ആദിവാസി ഊരിലെ ജനങ്ങൾ. മേഖലയിൽ കുടിവെള്ളമെത്തിക്കാൻ ജില്ലാ പഞ്ചായത്ത്‌ ലക്ഷങ്ങൾ ചെലവഴിച്ച പദ്ധതി അധികൃതരുടെ അനാസ്ഥ മൂലം പതിവഴിയിൽ മുടങ്ങി. എത്രയും പെട്ടന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കണ്ണംപടി വനമേഖലയിലെ മുല്ല ആദിവാസി ഊരിലാണ് കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടം ഓടുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി ആരംഭിച്ചെങ്കിലും പ്രാവർത്തികമായില്ല. ഇതോടെ വേനൽക്കാലത്ത് ശുദ്ധജലം വിലകൊടുത്ത് വാങ്ങേണ്ട ആവസ്‌ഥയിലാണ് പ്രദേശവാസികൾ. 

വലിയ തുക മുടക്കി കുടിവെള്ളമെത്തിക്കാൻ സാധിക്കാത്തവർ ഒന്നര കിലോമീറ്റർ നടന്ന് വേണം കുടിവെള്ളം ശേഖരിക്കാൻ. മേഖലയിലെ 170 ഓളം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ 2019ൽ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തിയിരുന്നു. കുളം നിർമ്മിച്ച് ജല വിതരണത്തിനായി മോട്ടോർ സ്ഥാപിച്ചെങ്കിലും. പൈപ്പുകൾ ഇടാനും വൈദ്യുതി ലഭ്യമാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ ലക്ഷങ്ങൾ മുടക്കിയ മോട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ നാശത്തിന്റെ വക്കിലാണ് . കുളം നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഉള്ളട മഹാസഭ കണ്ണമ്പടി ബ്രാഞ്ച് കമ്മിറ്റി, വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ സമരം നടത്താനാണ് മേഖലയിലെ ആദിവാസി സമൂഹത്തിന്‍റെ തീരുമാനം.