ele-mec

ആനകളിലെ എരണ്ടകെട്ടിന് പരിഹാരമായി തൃശൂരിലെ ആയുർവേദ ഡോക്ടർ പ്രിയ സജേഷ് ഒരു യന്ത്രം കണ്ടുപിടിച്ചു. എരണ്ടക്കെട്ട് എളുപ്പത്തിൽ കണ്ടെത്തി നീക്കം ചെയ്യാവുന്ന യന്ത്രം. കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന യന്ത്രം മൊബൈൽ ഫോണുമായി കണക്ട് ചെയ്യാമെന്നതാണ് പ്രത്യേകത...

എരണ്ട കെട്ട് ബാധിച്ച് മരണത്തോടടുക്കുന്ന ആനകളെ രക്ഷിച്ചെടുക്കണം. അങ്ങനെയൊരു ആലോചനയാണ് തൃശൂർ പടിയൂരിലെ ആയുർവേദ ഡോക്ടർ പ്രിയ സജേഷിനെ യന്ത്രം കണ്ടുപിടിക്കുന്നതിലേക്ക് എത്തിച്ചത്. എരണ്ട നിർഹരണ വ്യാളി യന്ത്രം അഥവാ ENVY എന്നാണ് പേര്. നൈറ്റ് മോഡ് ക്യാമറ ഘടിപ്പിച്ച യന്ത്രം സ്മാർട്ട് ഫോണുകളിലോ, കമ്പ്യൂട്ടറിലോ കണക്ട് ചെയ്യാം. എരണ്ടകെട്ട് എവിടെയാണെന്ന് മനസ്സിലാക്കി പിണ്ഡം പുറത്തെടുക്കാം. വലിച്ചെടുക്കാൻ ഹോൾഡറും യന്ത്രത്തിലുണ്ട്. കുറഞ്ഞ ചിലവിൽ ഒന്നര വർഷമെടുത്താണ് യന്ത്രം തയ്യാറാക്കിയത്. 

ബെംഗളൂരുവിൽ ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയിൽ നിന്നും ഹസ്ത്യായുർവേദത്തിൽ ഡിപ്ലോമയും യോഗ സയൻസിലെ ബിരുദാനന്തര ബിരുദം നേടിയയാളാണ് പ്രിയ. നാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ യന്ത്രം കൂടുതൽ സഹായകമാകുമെന്നാണ് ഉറപ്പ്..

എരണ്ടകെട്ട് നീക്കം ചെയ്യാൻ കൈ ഉപയോഗിക്കലല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാത്തിടത്താണ് പ്രിയയുടെ കണ്ടുപിടുത്തം. കൈ അകലത്തിനും അപ്പുറമാണ് എരണ്ടകേട്ട് എങ്കിൽ ആനകൾക്ക് രക്ഷയുണ്ടായിരുന്നില്ല. എത്ര അകലത്തിലുള്ള പിണ്ഡവും എളുപ്പത്തിൽ പുറത്തെത്തിക്കാൻ ആകുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. ആയുർവേദ ഡോക്ടറായ ഭർത്താവ് സജേഷിന്റെ പിന്തുണയോടെയാണ് യന്ത്രം നിർമിച്ചത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ആവശ്യമായ വസ്തുക്കളെത്തിച്ചു.

അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ യന്ത്രത്തിന്റെ പ്രവർത്തനം വിവരിക്കാൻ പ്രിയയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്