ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടത്തെ തേക്ക് പ്ലാന്റേഷനിലേയ്ക്കുള്ള പ്രവേശനം വനം വകുപ്പ് നിരോധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ടൂറിസം വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് വനം വകുപ്പിന്റെതെന്നാണ് ആരോപണം. നിരവധി സിനിമകൾ ചിത്രീകരിച്ച അഞ്ചുരളി മുനമ്പിലേക്ക് പോകുവാനുള്ള ഏക പാതയാണ് വേലി സ്ഥാപിച്ചതോടെ തടസപ്പെട്ടത്.
വനമേഖല കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് അയ്യപ്പൻകോവിൽ ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ കാഞ്ചിയാർ പേഴുംകണ്ടത്ത് തേക്ക് പ്ലാന്റേഷനിലേയ്ക്കും, അഞ്ചുരുളി മുനമ്പിലേയ്ക്കുമുള്ള പ്രവേശനം തടഞ്ഞ് ഇരുമ്പ് വേലി സ്ഥാപിച്ചത്. വാഹന പ്രവേശനം മാത്രമാണ് നിരോധിക്കുന്നത് എന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ വേലി നിർമ്മാണം പൂർത്തിയാക്കി ആളുകൾക്ക് കയറാൻ കഴിയാത്ത തരത്തിൽ ഗേറ്റ് പൂട്ടിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
പഞ്ചായത്തിനെ അറിയിക്കാതെയാണ് പ്രാദേശത്തെക്കുള്ള പ്രവേശനം തടഞ്ഞതെന്നാണ് ആരോപണം.എന്നാൽ റിസേർവ് വനമായതിനാൽ പ്രവേശനത്തിന് അനുമതിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വേലി സ്ഥാപിച്ചതെന്നുമാണ് വനപാലകരുടെ വിശദീകരണം